Monday, September 20, 2010

അവളുടെ ( പുതിയ ) രാവുകള്‍ ; അവന്റെയും... [Rated : U/A ] .

ഞാന്‍ ഞെട്ടി ഉണരുന്നത് , അതായത് അവന്റെ സംഭാഷണം കേട്ട് ഉണരുന്നത് ഏതാണ്ട് ഒരു മണിക്കാണ്, രാത്രി ഒരു മണി . സംഭവം പരിസരം മറന്നും ഇടയ്ക്കിടയ്ക്ക് അടക്കിപ്പിടിച്ചുമുള്ള സംസാരം കേട്ടപ്പോലെ സ്ഥിതിഗതികളുടെ ഏതാണ്ട് ഒരു രൂപം എനിക്ക് പിടി കിട്ടി. മൊബയില്‍ , ചാര്‍ജു , പെണ്‍കുട്ടി ഇതെല്ലം ഇപ്പോളത്തെ കാലത്ത് പ്രശ്നമാണ് . പക്ഷെ ആ ഞെട്ടല്‍ ഒരു ഉള്‍ക്കിടിലം ആയി മാറിയത് വളരെ പെട്ടന്നാണ് , കാരണം അപ്പുറത്ത് സംസാരിക്കുന്ന ആളുടെ ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിയുമായിരുന്നു , മാത്രവുമല്ല ആ മനോഹരമായ ശബ്തത്തിന്റെ ഉടമ ഒരു പെണ്‍കുട്ടി ആണ് എന്നത് കിടിലം മാറി അവിടെ ഒരു പുളകം വരാനും കാരണമായി . അതെ ശക്തമായ ഒരു ഉള്പുലകം.

ഞങ്ങള്‍ എറണാകുളം കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നു കണ്ണുരേക്ക് ബസ്‌ കയറുന്നത് ഏതാണ്ട് പത്തു മണിയോടെയാണ്. തട്ട് കടയില്‍ കയറി ഒരു ഉശിരന്‍ കപ്പ ബിരിയാണി കഴിച്ചത് കൊണ്ടും മറ്റു ചില പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ക്കൊണ്ടും വണ്ടി കലൂര്‍ നിന്നു പുറപ്പെട്ടു അതികം കഴിയാതെ തന്നെ ഞങ്ങള്‍ ഉറങ്ങി . മൂന്നുപേര്‍ക്ക്‌ ഇരിക്കാവുന്ന സീറ്റില്‍ നടുക്ക് ആണ് ഞാന്‍ ഇരിക്കുന്നത്. ഇടതു വശത്ത് നമ്മുടെ കഥാ നായകനും . വണ്ടി പുരപെടുമ്പോള്‍ ഈ പറയുന്ന മഹാന് വല്യ കുഴപ്പം ഒന്നുമില്ല . ഞങ്ങള്‍ കയറി കുറച്ചു കഴിഞ്ഞപ്പോളാണ് ടിയാന്‍ വന്നിരുന്നത് . മെലിഞ്ഞതും കിളിരം കൂടിയതുമായ ശരീരം, കുറ്റിത്താടി, കാഴ്ചയില്‍ കുഴപ്പം പറയാനില്ല.വളരെ വലുപ്പം കൂടിയ ഡയല്‍ ഉള്ള ഒരു റിസ്റ്റ് വാച്ച് കയില്‍ കെട്ടിയിരിക്കുന്നു മുടി നല്ല ഭംഗിയായി ചീകി ഒതുക്കിയിട്ടുണ്ട് കയില്‍ ഉള്ള ഒരു ബാഗ്‌ മാറോടു അടക്കി പിടിച്ചിരിക്കുന്നു . വന്നപ്പോളെ വളരെ മനോഹരമായ ഒരു ചിരി എന്നെ നോക്കി പാസാക്കി . ഹാ സന്തോഷം ചിരിക്കാന്‍ അറിയാം .

പക്ഷെ ഇപ്പോള്‍ ചീകി ഒതുക്കിയ മുടി പഴയപോലെ ഇല്ല . കയില്‍ ഉണ്ടായിരുന്ന ബാഗ്‌ , ഇരിക്കുന്നതിന്റെ താഴേക്ക്‌ വളരെ ഭംഗിയായി ഒതുക്കി വച്ചിട്ടുണ്ട് . ഒരു കാല്‍ മടക്കി മുന്നിലത്തെ സീറ്റില്‍ കുത്തി വച്ചിരിക്കുന്നു . ഇടതു കയ് മടക്കി സീറ്റിന്റെ ഹെഡ് റെസ്റ്റില്‍ പിടിച്ചിട്ടുണ്ട് . മറ്റേ കയില്‍ മോബയിലും . മൊത്തത്തി പറഞ്ഞാ നേരത്തെ കണ്ട ആളെ അല്ലെ . രാത്രിയുടെ ഏതോ ഒരു യാമത്തില്‍ പണ്ടത്തെ ഒരു രാജ കൊട്ടാരത്തിലെ ആസ്ഥാന നര്‍ത്തകന്റെ ആത്മാവ് പരകായ പ്രവേശം നടത്തിയ ഒരു പ്രതീതി . മാത്രമല്ല സംസാരം കേട്ടാല്‍ ലെവന്‍ കലാമണ്ഡലത്തില്‍ നിന്നു ഗോള്‍ഡ്‌ മെടല്‍ കിട്ടിയവനാനെന്നു തോന്നും .ഇപ്പോള്‍ എനിക്ക് അവന്റെ മുഖം ശെരിക്കും കാണാന്‍ പറ്റുന്നില്ലെങ്കിലും ഒന്‍പതു നവ രസങ്ങളും അവന്റെ ശബ്ദത്തില്‍ പ്രതിഭലിക്കുന്നത് കേള്‍ക്കാം . അതില്‍ കൂടുതല്‍ യേത് ഭാവമാണെന്നു മക്കള്‍ക്ക്‌ പിന്നെ പറഞ്ഞു തരാം .
ഞാന്‍ ഏതാണ്ട് അരമണിക്കൂറോളം ഉറക്കം വരാതെ ഇരുന്നു . നിര്‍ത്തും എന്ന് വിചാരിച്ചു, അത് എന്റെ തെറ്റ് , പക്ഷെ അവന്‍ സംസാരം നിര്‍ത്താനുള്ള യാതൊരു ലക്ഷണവും കാണിച്ചില്ല . ഞാന്‍ പതിയെ മുന്നോട്ടഞ്ഞു ചെറിയ രീതിയില്‍ ഒന്ന് ചുമച്ചു എനിട്ട്‌ പതിയെ ഒളി കണ്ണിട്ടു അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ ഫോണ്‍ സംസാരം ഒന്ന് പതിയെ ആക്കി മുഖം എന്റെ നേര്‍ക്ക്‌ ചെറുതായി ഒന്ന് ചെരിച്ചു . പക്ഷെ ഇപ്പോള്‍ ഞാന്‍ കണ്ടു . ഈ അരണ്ട വെളിച്ചത്തിലും അവന്റെ മുഖത്ത് പ്രതിഭലിക്കുന്ന ഭാവം എന്താണെന്ന് വ്യക്തമായി കണ്ടു . പുച്ഛം , പരമ പുച്ഛം . ശോ . സമൂഹം അതിലെ ഓരോ അംഗങ്ങള്‍ക്കും ജനിക്കുന്നത് മുതല്‍ ചാര്‍ത്തി കൊടുക്കുന്ന സദാചാര പോലീസിന്റെ പട്ടം വലിച്ചെറിഞ്ഞു ഒരു പച്ച മനുഷ്യനായി എന്റെ മുന്നിലോട്ടു വാടാ ചെറ്റേ എന്ന് അവന്‍ ആക്രോശിക്കുന്നതായി എനിക്ക് തോന്നി . ഞാന്‍ പതിയെ പിന്നോട് വലിഞ്ഞു ഉറക്കത്തില്‍ ചുമച്ചതാനെന്ന ഭാവത്തില്‍ കണ്ണുകളടച്ചു ചെറുതായി കൂര്‍ക്കം വലിച്ചു . അടുത്തിരുന്ന ലിന്റൊയെ തോണ്ടി . അവന്‍ എണീറ്റു എന്നെ നോക്കി . ഞാന്‍ കാര്യം പറഞ്ഞു . അവന്‍ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും മയങ്ങാന്‍ തുടങ്ങി .കഥാനായകന്‍ സംസാരം ഉടന്‍ നിര്‍ത്തും എന്ന് വിചാരിച്ചത് എന്റെ വിവരക്കേട് . അവന്‍ വീണ്ടും സംസാരം തുടങ്ങി . എന്നാല്‍ പിന്നെ ഇനി ഉറങ്ങേണ്ട എന്ന് ഞാനും വച്ച് .

" എന്റെ പൊന്നെ ഇതിനകത്ത് ഭയങ്കര ചൂടാണ് . ഞാന്‍ ഷര്‍ട്ടും കളസവും എല്ലാം ഊറി എറിയാന്‍ പോകുവാണ് ... "

അവന്‍ അവന്റെ പച്ചപ്പനംതത്തയോട്‌ വളരെ ആത്മാരതതയോടെ തന്നെ പറഞ്ഞു . പിന്നെ ഒരു സാദാരണ ലൈന്‍ ബസില്‍ എ സി പിടിപ്പിക്കാന്‍ പറയാം അടുത്ത തവണ .

"ഡാ ലിന്റോ നീ ഇത് കേട്ടില്ലേ "

"എന്ത് കേട്ടില്ലേ എന്ന് "

"അവന്‍ ഫുള്‍ ഊരി എറിയാന്‍ പോകുവാണെന്ന് "

"അവന്‍ എരിയട്ടെട സാരമില്ല ഭാവിയില്‍ പലതും ഊറി എറിയാന്‍ ഉള്ളതല്ലേ ; ഒരു നല്ല തുടക്കമായിക്കോട്ടേ ... "

"ഓഹോ നീയും അവന്റെ സയിടാണോ ".

ലിന്റോ കണ്ണടച്ചിരുന്നു കൊണ്ട് തന്നെ പതിയെ ചിരിച്ചു . ഇതോടെ എന്റെ ഉറക്കം മുഴുവനും പൊയ് . നമ്മുടെ സാമാചികര്‍ പലരും , സഭയില്‍ എത്തുമ്പോള്‍ പലതും വലിചെരിയുന്നതായും ഊറി എറിയുന്നതായും ഒക്കെ കേട്ടിട്ടുണ്ട് . ഈശ്വര ഇവിടൊരു സീന്‍ ഉണ്ടാകരുതേ . അപ്പോലെതക്കും ഇതാ വരുന്നു അടുത്ത ബോംബ്‌ .

"ഞാന്‍ എ സി വോള്‍വോയില്‍ വരാനിരുന്നതാ പക്ഷെ മിസ്സായി ..." .

ഓഹോ അപ്പൊ സാറ് തീരുമാനിച്ചുറച്ചു വന്നതാ . എറണാകുളത് നിന്നു കന്നുരെക്കുള്ള യേത് എ സി വോള്‍വോയുടെ കാര്യമാ കര്‍ത്താവേ ഇവന്‍ പറയുന്നത് . നിങ്ങള്‍ക്കറിയാമോ ഇവന്‍ കലൂര്‍ ബസ്‌ സ്റ്റാന്റ്ലൂടെ തെക്ക് വടക്ക് നടക്കുന്നത് ഞാന്‍ കണ്ടതാ ... കൂതറ .... ആ അവനാ വോള്‍വോ .. അവന്‍ ഇപ്പൊ വോല്വോയിലെ പോകതോല്ല്.
കൊള്ളാം . പക്ഷെ ഒന്നുണ്ട് അവന്‍ വോള്‍വോയില്‍ ആണ് വരുന്നതെന്ന് പറഞ്ഞില്ലല്ലോ . . അങ്ങനായിരുന്ണേല്‍ ഞാന്‍ ആരായി . എന്ടടുതിരിക്കുന്ന ലിന്റോ ആരായി . ഞങ്ങളുടെ കൂടെ ബസിലുള്ള എല്ലാരും ആരായി . സമാദാനം സന്മാനസുല്ലവര്‍ക്കെല്ലാം സമാധാനം .
അവന്‍ പതിയെ അവളുമായി യമുനയുടെ കരയിലും ഹിമാലയ സാനുക്കളിലും തുടങ്ങി ബ്ലൂ ടൂതും ബ്ലാക്ക്‌ ബെറിയും കൊണ്ട് അമ്മാനമാടുന്ന ഡല്‍ഹി , ലാലേട്ടന്‍ സംഗീതം പഠിക്കാന്‍ പോയ ഗ്വാളിയാര്‍ എന്ന് വേണ്ട ആലപ്പുഴ ജില്ലയിലെ ചില പ്രാന്ത പ്രദേശങ്ങളിലും വരെ വിഹരിക്കുവാന്‍ തുടങ്ങി. അതിനിടയ്ക്ക് കോട്ടയം പുഷ്പ്പനാധിന്റെ കഥകളിലെ രഹസ്യ ബംഗ്ലാവുകളുടെ സവിശേഷതകളെ കുറിച്ചും ബാറ്റന്‍ ബോസിന്റെ നോവലുകളിലെ നായകന്മ്മാരുടെ അതിമാനുഷ ശക്തിയുടെ രഹസ്യങ്ങളെ കുറിച്ചും ഒക്കെ ആധികാരികമായി സംസാരിക്കാന്‍ തുടങ്ങി . ഇതൊക്കെ കേട്ടു , നിനക്ക് പമ്മന്റെ കഥകളിലെ നായികമാരുടെ അങ്കലാവണ്യത്തെ കുറിച്ച് വല്ലതുമാരിയാമോന്നു ചോദിച്ചാലോ എന്നുതന്നെ വിചാരിച്ചതാണ് പക്ഷെ അവന്റെ അടുത്ത ഡയലൊകു അതില്‍ നിന്നു എന്നെ പിന്തിരിപ്പിച്ചു . എന്തായാലും ഇനി പറഞ്ഞതിനെ പറ്റി എനിക്ക് ഒന്നും പറയാനുമില്ല .
" നീ എന്റെ സ്നേഹം മാത്രം വേണ്ട എന്ന് പറയരുത് ... "

ഇല്ല സത്യമായും ഇതിനെതിരെ ഞാന്‍ ഒന്നും പറയത്തില്ല . ഈ ബസ്സില്‍ ഉള്ളവരെയും ഒന്നും പറയാന്‍ ഞങ്ങള്‍ സമ്മതിക്കത്തില്ല .. സ്നേഹത്തിനെതിരായ ഒരു പരുപാടിക്കും നമ്മളില്ല .. പക്ഷെ ഒറിജിനല്‍ ആയിരിക്കണം . നൂറു ശതമാനം . എന്ന് വച്ച് പഴമയുടെ രീതികളെയും ആശയങ്ങളെയും എല്ലാം പൂര്‍ണമായും തള്ളിപ്പറയണം എന്ന് പറഞ്ഞു കളഞ്ഞെക്കരുത്, കാരണം പഴമയോ പഴമയുടെ ആശയങ്ങളോ എല്ലാം തന്നെ കാലഹരനപ്പെട്ടവ അല്ല എന്നത് കൊണ്ട് തന്നെ . ഒരാള്‍ക്ക്‌ ഒരാളോട് ഇഷ്ട്ടം തോന്നാന്‍ അധികം സമയം ഒന്നും വേണ്ട എന്നല്ലേ പറയാറ് . അതുകൊണ്ട് തന്നെ നമുക്ക് സ്നേഹിക്കാം എല്ലാവരെയും, നിര്‍ലോഭം, അവകാശവാദങ്ങളില്ലാതെ ..

ഇനി എന്തായാലും ഉടന്‍ നിര്‍ത്തും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ . അവന്‍ സ്നേഹത്തില്‍ കയറി അല്ലെ പിടിച്ചിരിക്കുന്നത് . ഇനി അങ്ങോട്ട്‌ എനിക്ക് മുരുകന്‍ കാട്ടാക്കടയുടെ കവിതാ ശകലങ്ങളും സോളമന്റെ ഉത്തമ ഗീതങ്ങളും ഒക്കെ ആണ് കേള്‍ക്കാന്‍ കഴിഞ്ഞത് . ചില സമയത്ത് ഉത്തമ ഗീതങ്ങളുടെ അവന്റെതായ ഇമ്പ്രോവയിസേഷന്‍ ഉം അവളോട്‌ ഉധാഹരണ സഹിതം വ്യക്തമാക്കുന്നുണ്ടായിരുന്നു . ഹാ മനോഹരം അതി മനോഹരം . ഇവന്‍ ഈ ബസില്‍ പോകേണ്ടാവനല്ല ഒരു വോള്‍വോയില്‍ തന്നെ പോകേണ്ടാവന. ദെയിവമേ ലോകത്തുള്ള കാമുകന്മ്മാരെല്ലാം രാവിലെ ഓരോ കവിതയും പഠിച്ചിട്ടാണോ വീട്ടില്‍ നിന്നിറങ്ങുന്നത് . പുള്ളിക്കാരന്‍ എന്തായാലും കൂടുതല്‍ ഉഷാറായി . ഇപ്പോള്‍ ഞാനും . അപ്പോളേക്കും ധാ വരുന്നു അടുത്ത ദയലൊകു .

" എന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടു എത്ര ദിവസം ആയെന്നോ .. നിന്റെയോ ... "

ഓഹോ ഇപ്പൊ അങ്ങനെ ആയോ .. നീയും അവളും കൂടി ഇങ്ങനെ ഇരുന്നു സൊള്ളിയിട്ട് എന്റെ ഉറക്കം മുഴുവന്‍ നഷ്ട്ടപ്പെട്ടതിനു നിനക്ക് എന്ന പറയാനുന്ടെടാ . അതിനിവിടെ ആര്‍ക്കും ഒന്നും പറയാനില്ലേ .. ഡാ ലിന്റോ നീ ഇതൊന്നും കേള്‍ക്കുന്നില്ലേ .. അവന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടു നാളുകളായി എന്ന് ...

"അതൊക്കെ അങ്ങനെ ഒക്കെ തന്നെ ആടാ" .. ലിന്റോ പറഞ്ഞു .. പോരെ ഇനി എന്ത് വേണം

"വേണ്ട വേണ്ട സാറ് ഉറങ്ങിക്കോ ഞാന്‍ അങ്ങയോടു ഒന്നും പറഞ്ഞില്ല "

"ഡാ നീ ഒരു കാര്യം ചെയ്.. ഈ സംഭവം ഇപ്പൊ അവസാനിപ്പിക്കാം .. ഒരു ഒറ്റ ഡയലോഗില്‍ കാര്യം തീരും ഞാന്‍ പറയുന്ന പോലെ അവനോടു ചോദിക്ക് ... "

" എന്ത് ചോദിക്കണം എന്ന് "

"മകനെ നീ ഒരരയന്നമായി നീലതടാകത്തില്‍ നീന്തി തുടിക്കുമ്പോള്‍ .. "

"തുടിക്കുമ്പോള്‍ .."

"സ്നേഹപ്പൂക്കലുമായി കാത്തു നിന്നപ്പോള്‍ ... ഒരു സ്വപ്ന സുന്ദരിയെ പോലെ അവള്‍ നിന്റെ അടുത്ത്‌ .. "

"അടുത്ത് .."

"അടുതിപ്പോലെങ്ങാനും എത്തുമോ എന്ന് ചോദിക്ക് ... അതോടെ നിര്‍ത്തിക്കോളും സംസാരം .."

"മകനെ പുരുഷോത്തമാ ,ആകാശമിടായി , ദൃഷ്ട്ട്യധ്യുംനാ .. എനിട്ട്‌ വേണം അവനും അവളും കൂടി ആ നീലതടകതിലിട്ടു എന്നെ മുക്കി കൊല്ലാന്‍ , എന്റെ കുഴിമാടത്തിനു മുകളില്‍ അവരുടെ സ്നേഹസ്മാരകം പണിയാന്‍ .. അല്ലെ? .. നടക്കില്ല... നിന്റെ ഉദീശ്യം നടക്കില്ല മോനേ ... "

സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു എന്ന് തോന്നുന്നു . അവന്‍ ഇപ്പോളും അവളുമായി നീലനിശീടിനിയിലെ താമരപ്പൊയ്കയില്‍ മുങ്ങാംകുഴി ഇട്ടു കളിക്കുകയാണ് .. ഇത്ര നേരം കിടന്നു നീന്തിയിട്ടും ഇവനൊന്നും മടുക്കുന്നില്ലേ? .. ഡാ ഡാ കയരിപ്പോടാ ജലദോഷം പിടിക്കും; ആകാശം പോട്ടുമാരുച്ചതില്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു . അവന്റെ അടുത്ത ഒരു ഡയലോഗിനാണ് ഞാന്‍ ശെരിക്കും ഞെട്ടിയത് ..

" ഇനി ഒരിക്കല്‍ കൂടി ആ വാക്ക് പറഞ്ഞാല്‍ നിന്നെ ഞാന്‍ കൊന്നു കളയും ..."

കൊള്ളാം രാത്രി വല്ല മസാല വര്‍ത്തമാനവും പറഞ്ഞു, സമയത്ത് കിടന്നുറങ്ങേണ്ട നമ്മുടെ മകന്‍ ഇരുന്നു പറയുന്നത് നമ്മുടെ നായികയെ കൊല്ലുന്നതിനെ കുറിച്ച്. കൊള്ളാം,
ലോകമേ പറയു.. എന്നോട് പറയു.. ആ വാക്ക് യേത് വാക്കാണെന്നു പറയു .. എനിട്ട്‌ ഞാന്‍ തന്നെ ഒരിക്കല്‍ കൂടി അവനോടു പറയാം ... അവന്‍ എന്നെ തന്നെ അങ്ങ് കൊല്ലട്ടെ.. അവനു സമാടാനമാകട്ടെ .. അല്ലാതെ പിന്നെ രാത്രിയുടെ ഈ കരുകറുത്ത യാമത്തില്‍ ഉറക്കവും പൊയ് ഞാന്‍ എന്ത് ചെയാനാണ് ..


അവന്റെ ഡയലോഗുകള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു .. സിംമുകള്‍ മാറ്റി മാറ്റി ഇട്ടുകൊണ്ടേ ഇരുന്നു ..അനശ്വരതയുടെ അനന്ത വിഹായസില്‍ അവര്‍ രണ്ടു ഇണക്കുരുവികള്‍ ആയി കൊക്കുമുരുമി പ്രഭാതത്തിലേക്ക്‌ പറന്നു കൊണ്ടേ ഇരുന്നു ..
അങ്ങനെ സമയം ഏതാണ്ട് മൂന്നര ആയി . കാപ്പി കുടിക്കുവാന്‍ വേണ്ടി ഒരു സ്ഥലത്ത് ബസ്‌ നിര്‍ത്തി .. എല്ലാവരും ഉറക്കത്തില്‍ നിന്നു ഉണര്‍ന്നു .. ഞങ്ങളും എണീറ്റു കാപ്പി കുടിക്കാന്‍.. അപ്പോള്‍ അവന്‍ കണ്ടക്ടര്‍ ന്റെ അടുത്ത്‌ പൊയ് ചോദിക്കുന്നത് കേട്ടു

" ചേട്ടാ ഇവിടെ റീ ചാര്‍ജു കൂപ്പന്‍ കിട്ടാന്‍ വല്ല വഴ്ഴിയുമുണ്ടോ ... "

" അവനു ഇനിയും മതിയായിട്ടില്ല .. " ഞാന്‍ ഉച്ചത്തില്‍ തന്നെ പറഞ്ഞു ...
എന്റെ മനസിലൂടെ മോശമല്ലാത്ത രണ്ടു മൂന്നു വാക്കുകള്‍ മിന്നി മറഞ്ഞു

ലിന്റോ എന്നെ നോക്കി ഒന്ന് ചിരിച്ചു , എന്നിട്ട് ചോദിച്ചു . " നീ എന്തിനാണ് അവനെ ചീത്ത പറയുന്നത് ? "

"എന്റെ ഉറക്കം മുഴുവന്‍ പോയില്ലേ ?" ഞാന്‍ പറഞ്ഞു .

" അതൊരു വല്യ പ്രശ്നമാണോ ? "

"അല്ലായിരിക്കാം പക്ഷെ അവന്‍ പറഞ്ഞത് മുഴുവന്‍ കള്ളമല്ലേ ? "

" ആണോ .. നിനക്കെന്താ ഉറപ്പു അവന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് ? എന്ത് പറയണം എന്ന് ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലെ ? അവനെക്കുറിച്ചുള്ള നിന്റെ നിരീക്ഷണത്തിലും ഉണ്ടാവില്ലേ തെറ്റ് .. " ലിന്റോ പറഞ്ഞു

" അതല്ല പക്ഷെ ആ പെണ്‍കുട്ടി .... "

" അതുപോലുള്ള കാര്യങ്ങളെക്കുറിച്ച് നീ വിഷമിക്കേണ്ട .. പഴയതും ജീര്ണിച്ചതും പുഴുക്കുത്തുകള്‍ വന്നതും എല്ലാം മാറ്റി പുതിയത് വരുത്താന്‍ കാലത്തിനു ഇവിടെ സ്പേസ് ആവശ്യമാണ്‌ , അതിനുവേണ്ടി കാരണങ്ങളും ... "

"എന്തോന്ന് ? ... എന്ന് വച്ചാല്‍ ?"

"എന്ന് വച്ചാല്‍ നമുക്ക് ഒരു കാപ്പി കുടിക്കാനുള്ള സമയം കൂടി ഉണ്ട് എന്ന് .. " ലിന്റോ ചിരിച്ചു കൊണ്ട് പറഞ്ഞു ...
ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കി നില്‍ക്കെ തന്നെ ഒരു പഴെയ മലയാളം പാട്ട് എന്റെ മനസിലേക്ക് കടന്നു വന്നു ...

" മാധനോത്സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി.. മനവും തനുവും മരുഭൂമിയായി ...നിദ്രാ വിഹീനങ്ങളല്ലോ .... അവളുടെ രാവുകള്‍ ..."

Followers