Monday, September 20, 2010

അവളുടെ ( പുതിയ ) രാവുകള്‍ ; അവന്റെയും... [Rated : U/A ] .

ഞാന്‍ ഞെട്ടി ഉണരുന്നത് , അതായത് അവന്റെ സംഭാഷണം കേട്ട് ഉണരുന്നത് ഏതാണ്ട് ഒരു മണിക്കാണ്, രാത്രി ഒരു മണി . സംഭവം പരിസരം മറന്നും ഇടയ്ക്കിടയ്ക്ക് അടക്കിപ്പിടിച്ചുമുള്ള സംസാരം കേട്ടപ്പോലെ സ്ഥിതിഗതികളുടെ ഏതാണ്ട് ഒരു രൂപം എനിക്ക് പിടി കിട്ടി. മൊബയില്‍ , ചാര്‍ജു , പെണ്‍കുട്ടി ഇതെല്ലം ഇപ്പോളത്തെ കാലത്ത് പ്രശ്നമാണ് . പക്ഷെ ആ ഞെട്ടല്‍ ഒരു ഉള്‍ക്കിടിലം ആയി മാറിയത് വളരെ പെട്ടന്നാണ് , കാരണം അപ്പുറത്ത് സംസാരിക്കുന്ന ആളുടെ ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിയുമായിരുന്നു , മാത്രവുമല്ല ആ മനോഹരമായ ശബ്തത്തിന്റെ ഉടമ ഒരു പെണ്‍കുട്ടി ആണ് എന്നത് കിടിലം മാറി അവിടെ ഒരു പുളകം വരാനും കാരണമായി . അതെ ശക്തമായ ഒരു ഉള്പുലകം.

ഞങ്ങള്‍ എറണാകുളം കലൂര്‍ സ്റ്റാന്‍ഡില്‍ നിന്നു കണ്ണുരേക്ക് ബസ്‌ കയറുന്നത് ഏതാണ്ട് പത്തു മണിയോടെയാണ്. തട്ട് കടയില്‍ കയറി ഒരു ഉശിരന്‍ കപ്പ ബിരിയാണി കഴിച്ചത് കൊണ്ടും മറ്റു ചില പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ക്കൊണ്ടും വണ്ടി കലൂര്‍ നിന്നു പുറപ്പെട്ടു അതികം കഴിയാതെ തന്നെ ഞങ്ങള്‍ ഉറങ്ങി . മൂന്നുപേര്‍ക്ക്‌ ഇരിക്കാവുന്ന സീറ്റില്‍ നടുക്ക് ആണ് ഞാന്‍ ഇരിക്കുന്നത്. ഇടതു വശത്ത് നമ്മുടെ കഥാ നായകനും . വണ്ടി പുരപെടുമ്പോള്‍ ഈ പറയുന്ന മഹാന് വല്യ കുഴപ്പം ഒന്നുമില്ല . ഞങ്ങള്‍ കയറി കുറച്ചു കഴിഞ്ഞപ്പോളാണ് ടിയാന്‍ വന്നിരുന്നത് . മെലിഞ്ഞതും കിളിരം കൂടിയതുമായ ശരീരം, കുറ്റിത്താടി, കാഴ്ചയില്‍ കുഴപ്പം പറയാനില്ല.വളരെ വലുപ്പം കൂടിയ ഡയല്‍ ഉള്ള ഒരു റിസ്റ്റ് വാച്ച് കയില്‍ കെട്ടിയിരിക്കുന്നു മുടി നല്ല ഭംഗിയായി ചീകി ഒതുക്കിയിട്ടുണ്ട് കയില്‍ ഉള്ള ഒരു ബാഗ്‌ മാറോടു അടക്കി പിടിച്ചിരിക്കുന്നു . വന്നപ്പോളെ വളരെ മനോഹരമായ ഒരു ചിരി എന്നെ നോക്കി പാസാക്കി . ഹാ സന്തോഷം ചിരിക്കാന്‍ അറിയാം .

പക്ഷെ ഇപ്പോള്‍ ചീകി ഒതുക്കിയ മുടി പഴയപോലെ ഇല്ല . കയില്‍ ഉണ്ടായിരുന്ന ബാഗ്‌ , ഇരിക്കുന്നതിന്റെ താഴേക്ക്‌ വളരെ ഭംഗിയായി ഒതുക്കി വച്ചിട്ടുണ്ട് . ഒരു കാല്‍ മടക്കി മുന്നിലത്തെ സീറ്റില്‍ കുത്തി വച്ചിരിക്കുന്നു . ഇടതു കയ് മടക്കി സീറ്റിന്റെ ഹെഡ് റെസ്റ്റില്‍ പിടിച്ചിട്ടുണ്ട് . മറ്റേ കയില്‍ മോബയിലും . മൊത്തത്തി പറഞ്ഞാ നേരത്തെ കണ്ട ആളെ അല്ലെ . രാത്രിയുടെ ഏതോ ഒരു യാമത്തില്‍ പണ്ടത്തെ ഒരു രാജ കൊട്ടാരത്തിലെ ആസ്ഥാന നര്‍ത്തകന്റെ ആത്മാവ് പരകായ പ്രവേശം നടത്തിയ ഒരു പ്രതീതി . മാത്രമല്ല സംസാരം കേട്ടാല്‍ ലെവന്‍ കലാമണ്ഡലത്തില്‍ നിന്നു ഗോള്‍ഡ്‌ മെടല്‍ കിട്ടിയവനാനെന്നു തോന്നും .ഇപ്പോള്‍ എനിക്ക് അവന്റെ മുഖം ശെരിക്കും കാണാന്‍ പറ്റുന്നില്ലെങ്കിലും ഒന്‍പതു നവ രസങ്ങളും അവന്റെ ശബ്ദത്തില്‍ പ്രതിഭലിക്കുന്നത് കേള്‍ക്കാം . അതില്‍ കൂടുതല്‍ യേത് ഭാവമാണെന്നു മക്കള്‍ക്ക്‌ പിന്നെ പറഞ്ഞു തരാം .
ഞാന്‍ ഏതാണ്ട് അരമണിക്കൂറോളം ഉറക്കം വരാതെ ഇരുന്നു . നിര്‍ത്തും എന്ന് വിചാരിച്ചു, അത് എന്റെ തെറ്റ് , പക്ഷെ അവന്‍ സംസാരം നിര്‍ത്താനുള്ള യാതൊരു ലക്ഷണവും കാണിച്ചില്ല . ഞാന്‍ പതിയെ മുന്നോട്ടഞ്ഞു ചെറിയ രീതിയില്‍ ഒന്ന് ചുമച്ചു എനിട്ട്‌ പതിയെ ഒളി കണ്ണിട്ടു അവന്റെ മുഖത്തേക്ക് നോക്കി. അവന്‍ ഫോണ്‍ സംസാരം ഒന്ന് പതിയെ ആക്കി മുഖം എന്റെ നേര്‍ക്ക്‌ ചെറുതായി ഒന്ന് ചെരിച്ചു . പക്ഷെ ഇപ്പോള്‍ ഞാന്‍ കണ്ടു . ഈ അരണ്ട വെളിച്ചത്തിലും അവന്റെ മുഖത്ത് പ്രതിഭലിക്കുന്ന ഭാവം എന്താണെന്ന് വ്യക്തമായി കണ്ടു . പുച്ഛം , പരമ പുച്ഛം . ശോ . സമൂഹം അതിലെ ഓരോ അംഗങ്ങള്‍ക്കും ജനിക്കുന്നത് മുതല്‍ ചാര്‍ത്തി കൊടുക്കുന്ന സദാചാര പോലീസിന്റെ പട്ടം വലിച്ചെറിഞ്ഞു ഒരു പച്ച മനുഷ്യനായി എന്റെ മുന്നിലോട്ടു വാടാ ചെറ്റേ എന്ന് അവന്‍ ആക്രോശിക്കുന്നതായി എനിക്ക് തോന്നി . ഞാന്‍ പതിയെ പിന്നോട് വലിഞ്ഞു ഉറക്കത്തില്‍ ചുമച്ചതാനെന്ന ഭാവത്തില്‍ കണ്ണുകളടച്ചു ചെറുതായി കൂര്‍ക്കം വലിച്ചു . അടുത്തിരുന്ന ലിന്റൊയെ തോണ്ടി . അവന്‍ എണീറ്റു എന്നെ നോക്കി . ഞാന്‍ കാര്യം പറഞ്ഞു . അവന്‍ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും മയങ്ങാന്‍ തുടങ്ങി .കഥാനായകന്‍ സംസാരം ഉടന്‍ നിര്‍ത്തും എന്ന് വിചാരിച്ചത് എന്റെ വിവരക്കേട് . അവന്‍ വീണ്ടും സംസാരം തുടങ്ങി . എന്നാല്‍ പിന്നെ ഇനി ഉറങ്ങേണ്ട എന്ന് ഞാനും വച്ച് .

" എന്റെ പൊന്നെ ഇതിനകത്ത് ഭയങ്കര ചൂടാണ് . ഞാന്‍ ഷര്‍ട്ടും കളസവും എല്ലാം ഊറി എറിയാന്‍ പോകുവാണ് ... "

അവന്‍ അവന്റെ പച്ചപ്പനംതത്തയോട്‌ വളരെ ആത്മാരതതയോടെ തന്നെ പറഞ്ഞു . പിന്നെ ഒരു സാദാരണ ലൈന്‍ ബസില്‍ എ സി പിടിപ്പിക്കാന്‍ പറയാം അടുത്ത തവണ .

"ഡാ ലിന്റോ നീ ഇത് കേട്ടില്ലേ "

"എന്ത് കേട്ടില്ലേ എന്ന് "

"അവന്‍ ഫുള്‍ ഊരി എറിയാന്‍ പോകുവാണെന്ന് "

"അവന്‍ എരിയട്ടെട സാരമില്ല ഭാവിയില്‍ പലതും ഊറി എറിയാന്‍ ഉള്ളതല്ലേ ; ഒരു നല്ല തുടക്കമായിക്കോട്ടേ ... "

"ഓഹോ നീയും അവന്റെ സയിടാണോ ".

ലിന്റോ കണ്ണടച്ചിരുന്നു കൊണ്ട് തന്നെ പതിയെ ചിരിച്ചു . ഇതോടെ എന്റെ ഉറക്കം മുഴുവനും പൊയ് . നമ്മുടെ സാമാചികര്‍ പലരും , സഭയില്‍ എത്തുമ്പോള്‍ പലതും വലിചെരിയുന്നതായും ഊറി എറിയുന്നതായും ഒക്കെ കേട്ടിട്ടുണ്ട് . ഈശ്വര ഇവിടൊരു സീന്‍ ഉണ്ടാകരുതേ . അപ്പോലെതക്കും ഇതാ വരുന്നു അടുത്ത ബോംബ്‌ .

"ഞാന്‍ എ സി വോള്‍വോയില്‍ വരാനിരുന്നതാ പക്ഷെ മിസ്സായി ..." .

ഓഹോ അപ്പൊ സാറ് തീരുമാനിച്ചുറച്ചു വന്നതാ . എറണാകുളത് നിന്നു കന്നുരെക്കുള്ള യേത് എ സി വോള്‍വോയുടെ കാര്യമാ കര്‍ത്താവേ ഇവന്‍ പറയുന്നത് . നിങ്ങള്‍ക്കറിയാമോ ഇവന്‍ കലൂര്‍ ബസ്‌ സ്റ്റാന്റ്ലൂടെ തെക്ക് വടക്ക് നടക്കുന്നത് ഞാന്‍ കണ്ടതാ ... കൂതറ .... ആ അവനാ വോള്‍വോ .. അവന്‍ ഇപ്പൊ വോല്വോയിലെ പോകതോല്ല്.
കൊള്ളാം . പക്ഷെ ഒന്നുണ്ട് അവന്‍ വോള്‍വോയില്‍ ആണ് വരുന്നതെന്ന് പറഞ്ഞില്ലല്ലോ . . അങ്ങനായിരുന്ണേല്‍ ഞാന്‍ ആരായി . എന്ടടുതിരിക്കുന്ന ലിന്റോ ആരായി . ഞങ്ങളുടെ കൂടെ ബസിലുള്ള എല്ലാരും ആരായി . സമാദാനം സന്മാനസുല്ലവര്‍ക്കെല്ലാം സമാധാനം .
അവന്‍ പതിയെ അവളുമായി യമുനയുടെ കരയിലും ഹിമാലയ സാനുക്കളിലും തുടങ്ങി ബ്ലൂ ടൂതും ബ്ലാക്ക്‌ ബെറിയും കൊണ്ട് അമ്മാനമാടുന്ന ഡല്‍ഹി , ലാലേട്ടന്‍ സംഗീതം പഠിക്കാന്‍ പോയ ഗ്വാളിയാര്‍ എന്ന് വേണ്ട ആലപ്പുഴ ജില്ലയിലെ ചില പ്രാന്ത പ്രദേശങ്ങളിലും വരെ വിഹരിക്കുവാന്‍ തുടങ്ങി. അതിനിടയ്ക്ക് കോട്ടയം പുഷ്പ്പനാധിന്റെ കഥകളിലെ രഹസ്യ ബംഗ്ലാവുകളുടെ സവിശേഷതകളെ കുറിച്ചും ബാറ്റന്‍ ബോസിന്റെ നോവലുകളിലെ നായകന്മ്മാരുടെ അതിമാനുഷ ശക്തിയുടെ രഹസ്യങ്ങളെ കുറിച്ചും ഒക്കെ ആധികാരികമായി സംസാരിക്കാന്‍ തുടങ്ങി . ഇതൊക്കെ കേട്ടു , നിനക്ക് പമ്മന്റെ കഥകളിലെ നായികമാരുടെ അങ്കലാവണ്യത്തെ കുറിച്ച് വല്ലതുമാരിയാമോന്നു ചോദിച്ചാലോ എന്നുതന്നെ വിചാരിച്ചതാണ് പക്ഷെ അവന്റെ അടുത്ത ഡയലൊകു അതില്‍ നിന്നു എന്നെ പിന്തിരിപ്പിച്ചു . എന്തായാലും ഇനി പറഞ്ഞതിനെ പറ്റി എനിക്ക് ഒന്നും പറയാനുമില്ല .
" നീ എന്റെ സ്നേഹം മാത്രം വേണ്ട എന്ന് പറയരുത് ... "

ഇല്ല സത്യമായും ഇതിനെതിരെ ഞാന്‍ ഒന്നും പറയത്തില്ല . ഈ ബസ്സില്‍ ഉള്ളവരെയും ഒന്നും പറയാന്‍ ഞങ്ങള്‍ സമ്മതിക്കത്തില്ല .. സ്നേഹത്തിനെതിരായ ഒരു പരുപാടിക്കും നമ്മളില്ല .. പക്ഷെ ഒറിജിനല്‍ ആയിരിക്കണം . നൂറു ശതമാനം . എന്ന് വച്ച് പഴമയുടെ രീതികളെയും ആശയങ്ങളെയും എല്ലാം പൂര്‍ണമായും തള്ളിപ്പറയണം എന്ന് പറഞ്ഞു കളഞ്ഞെക്കരുത്, കാരണം പഴമയോ പഴമയുടെ ആശയങ്ങളോ എല്ലാം തന്നെ കാലഹരനപ്പെട്ടവ അല്ല എന്നത് കൊണ്ട് തന്നെ . ഒരാള്‍ക്ക്‌ ഒരാളോട് ഇഷ്ട്ടം തോന്നാന്‍ അധികം സമയം ഒന്നും വേണ്ട എന്നല്ലേ പറയാറ് . അതുകൊണ്ട് തന്നെ നമുക്ക് സ്നേഹിക്കാം എല്ലാവരെയും, നിര്‍ലോഭം, അവകാശവാദങ്ങളില്ലാതെ ..

ഇനി എന്തായാലും ഉടന്‍ നിര്‍ത്തും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ . അവന്‍ സ്നേഹത്തില്‍ കയറി അല്ലെ പിടിച്ചിരിക്കുന്നത് . ഇനി അങ്ങോട്ട്‌ എനിക്ക് മുരുകന്‍ കാട്ടാക്കടയുടെ കവിതാ ശകലങ്ങളും സോളമന്റെ ഉത്തമ ഗീതങ്ങളും ഒക്കെ ആണ് കേള്‍ക്കാന്‍ കഴിഞ്ഞത് . ചില സമയത്ത് ഉത്തമ ഗീതങ്ങളുടെ അവന്റെതായ ഇമ്പ്രോവയിസേഷന്‍ ഉം അവളോട്‌ ഉധാഹരണ സഹിതം വ്യക്തമാക്കുന്നുണ്ടായിരുന്നു . ഹാ മനോഹരം അതി മനോഹരം . ഇവന്‍ ഈ ബസില്‍ പോകേണ്ടാവനല്ല ഒരു വോള്‍വോയില്‍ തന്നെ പോകേണ്ടാവന. ദെയിവമേ ലോകത്തുള്ള കാമുകന്മ്മാരെല്ലാം രാവിലെ ഓരോ കവിതയും പഠിച്ചിട്ടാണോ വീട്ടില്‍ നിന്നിറങ്ങുന്നത് . പുള്ളിക്കാരന്‍ എന്തായാലും കൂടുതല്‍ ഉഷാറായി . ഇപ്പോള്‍ ഞാനും . അപ്പോളേക്കും ധാ വരുന്നു അടുത്ത ദയലൊകു .

" എന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടു എത്ര ദിവസം ആയെന്നോ .. നിന്റെയോ ... "

ഓഹോ ഇപ്പൊ അങ്ങനെ ആയോ .. നീയും അവളും കൂടി ഇങ്ങനെ ഇരുന്നു സൊള്ളിയിട്ട് എന്റെ ഉറക്കം മുഴുവന്‍ നഷ്ട്ടപ്പെട്ടതിനു നിനക്ക് എന്ന പറയാനുന്ടെടാ . അതിനിവിടെ ആര്‍ക്കും ഒന്നും പറയാനില്ലേ .. ഡാ ലിന്റോ നീ ഇതൊന്നും കേള്‍ക്കുന്നില്ലേ .. അവന്റെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടു നാളുകളായി എന്ന് ...

"അതൊക്കെ അങ്ങനെ ഒക്കെ തന്നെ ആടാ" .. ലിന്റോ പറഞ്ഞു .. പോരെ ഇനി എന്ത് വേണം

"വേണ്ട വേണ്ട സാറ് ഉറങ്ങിക്കോ ഞാന്‍ അങ്ങയോടു ഒന്നും പറഞ്ഞില്ല "

"ഡാ നീ ഒരു കാര്യം ചെയ്.. ഈ സംഭവം ഇപ്പൊ അവസാനിപ്പിക്കാം .. ഒരു ഒറ്റ ഡയലോഗില്‍ കാര്യം തീരും ഞാന്‍ പറയുന്ന പോലെ അവനോടു ചോദിക്ക് ... "

" എന്ത് ചോദിക്കണം എന്ന് "

"മകനെ നീ ഒരരയന്നമായി നീലതടാകത്തില്‍ നീന്തി തുടിക്കുമ്പോള്‍ .. "

"തുടിക്കുമ്പോള്‍ .."

"സ്നേഹപ്പൂക്കലുമായി കാത്തു നിന്നപ്പോള്‍ ... ഒരു സ്വപ്ന സുന്ദരിയെ പോലെ അവള്‍ നിന്റെ അടുത്ത്‌ .. "

"അടുത്ത് .."

"അടുതിപ്പോലെങ്ങാനും എത്തുമോ എന്ന് ചോദിക്ക് ... അതോടെ നിര്‍ത്തിക്കോളും സംസാരം .."

"മകനെ പുരുഷോത്തമാ ,ആകാശമിടായി , ദൃഷ്ട്ട്യധ്യുംനാ .. എനിട്ട്‌ വേണം അവനും അവളും കൂടി ആ നീലതടകതിലിട്ടു എന്നെ മുക്കി കൊല്ലാന്‍ , എന്റെ കുഴിമാടത്തിനു മുകളില്‍ അവരുടെ സ്നേഹസ്മാരകം പണിയാന്‍ .. അല്ലെ? .. നടക്കില്ല... നിന്റെ ഉദീശ്യം നടക്കില്ല മോനേ ... "

സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു എന്ന് തോന്നുന്നു . അവന്‍ ഇപ്പോളും അവളുമായി നീലനിശീടിനിയിലെ താമരപ്പൊയ്കയില്‍ മുങ്ങാംകുഴി ഇട്ടു കളിക്കുകയാണ് .. ഇത്ര നേരം കിടന്നു നീന്തിയിട്ടും ഇവനൊന്നും മടുക്കുന്നില്ലേ? .. ഡാ ഡാ കയരിപ്പോടാ ജലദോഷം പിടിക്കും; ആകാശം പോട്ടുമാരുച്ചതില്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു . അവന്റെ അടുത്ത ഒരു ഡയലോഗിനാണ് ഞാന്‍ ശെരിക്കും ഞെട്ടിയത് ..

" ഇനി ഒരിക്കല്‍ കൂടി ആ വാക്ക് പറഞ്ഞാല്‍ നിന്നെ ഞാന്‍ കൊന്നു കളയും ..."

കൊള്ളാം രാത്രി വല്ല മസാല വര്‍ത്തമാനവും പറഞ്ഞു, സമയത്ത് കിടന്നുറങ്ങേണ്ട നമ്മുടെ മകന്‍ ഇരുന്നു പറയുന്നത് നമ്മുടെ നായികയെ കൊല്ലുന്നതിനെ കുറിച്ച്. കൊള്ളാം,
ലോകമേ പറയു.. എന്നോട് പറയു.. ആ വാക്ക് യേത് വാക്കാണെന്നു പറയു .. എനിട്ട്‌ ഞാന്‍ തന്നെ ഒരിക്കല്‍ കൂടി അവനോടു പറയാം ... അവന്‍ എന്നെ തന്നെ അങ്ങ് കൊല്ലട്ടെ.. അവനു സമാടാനമാകട്ടെ .. അല്ലാതെ പിന്നെ രാത്രിയുടെ ഈ കരുകറുത്ത യാമത്തില്‍ ഉറക്കവും പൊയ് ഞാന്‍ എന്ത് ചെയാനാണ് ..


അവന്റെ ഡയലോഗുകള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു .. സിംമുകള്‍ മാറ്റി മാറ്റി ഇട്ടുകൊണ്ടേ ഇരുന്നു ..അനശ്വരതയുടെ അനന്ത വിഹായസില്‍ അവര്‍ രണ്ടു ഇണക്കുരുവികള്‍ ആയി കൊക്കുമുരുമി പ്രഭാതത്തിലേക്ക്‌ പറന്നു കൊണ്ടേ ഇരുന്നു ..
അങ്ങനെ സമയം ഏതാണ്ട് മൂന്നര ആയി . കാപ്പി കുടിക്കുവാന്‍ വേണ്ടി ഒരു സ്ഥലത്ത് ബസ്‌ നിര്‍ത്തി .. എല്ലാവരും ഉറക്കത്തില്‍ നിന്നു ഉണര്‍ന്നു .. ഞങ്ങളും എണീറ്റു കാപ്പി കുടിക്കാന്‍.. അപ്പോള്‍ അവന്‍ കണ്ടക്ടര്‍ ന്റെ അടുത്ത്‌ പൊയ് ചോദിക്കുന്നത് കേട്ടു

" ചേട്ടാ ഇവിടെ റീ ചാര്‍ജു കൂപ്പന്‍ കിട്ടാന്‍ വല്ല വഴ്ഴിയുമുണ്ടോ ... "

" അവനു ഇനിയും മതിയായിട്ടില്ല .. " ഞാന്‍ ഉച്ചത്തില്‍ തന്നെ പറഞ്ഞു ...
എന്റെ മനസിലൂടെ മോശമല്ലാത്ത രണ്ടു മൂന്നു വാക്കുകള്‍ മിന്നി മറഞ്ഞു

ലിന്റോ എന്നെ നോക്കി ഒന്ന് ചിരിച്ചു , എന്നിട്ട് ചോദിച്ചു . " നീ എന്തിനാണ് അവനെ ചീത്ത പറയുന്നത് ? "

"എന്റെ ഉറക്കം മുഴുവന്‍ പോയില്ലേ ?" ഞാന്‍ പറഞ്ഞു .

" അതൊരു വല്യ പ്രശ്നമാണോ ? "

"അല്ലായിരിക്കാം പക്ഷെ അവന്‍ പറഞ്ഞത് മുഴുവന്‍ കള്ളമല്ലേ ? "

" ആണോ .. നിനക്കെന്താ ഉറപ്പു അവന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് ? എന്ത് പറയണം എന്ന് ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലെ ? അവനെക്കുറിച്ചുള്ള നിന്റെ നിരീക്ഷണത്തിലും ഉണ്ടാവില്ലേ തെറ്റ് .. " ലിന്റോ പറഞ്ഞു

" അതല്ല പക്ഷെ ആ പെണ്‍കുട്ടി .... "

" അതുപോലുള്ള കാര്യങ്ങളെക്കുറിച്ച് നീ വിഷമിക്കേണ്ട .. പഴയതും ജീര്ണിച്ചതും പുഴുക്കുത്തുകള്‍ വന്നതും എല്ലാം മാറ്റി പുതിയത് വരുത്താന്‍ കാലത്തിനു ഇവിടെ സ്പേസ് ആവശ്യമാണ്‌ , അതിനുവേണ്ടി കാരണങ്ങളും ... "

"എന്തോന്ന് ? ... എന്ന് വച്ചാല്‍ ?"

"എന്ന് വച്ചാല്‍ നമുക്ക് ഒരു കാപ്പി കുടിക്കാനുള്ള സമയം കൂടി ഉണ്ട് എന്ന് .. " ലിന്റോ ചിരിച്ചു കൊണ്ട് പറഞ്ഞു ...
ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കി നില്‍ക്കെ തന്നെ ഒരു പഴെയ മലയാളം പാട്ട് എന്റെ മനസിലേക്ക് കടന്നു വന്നു ...

" മാധനോത്സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി.. മനവും തനുവും മരുഭൂമിയായി ...നിദ്രാ വിഹീനങ്ങളല്ലോ .... അവളുടെ രാവുകള്‍ ..."

Tuesday, September 7, 2010

valpaara/valpaarai[വാല്‍പാറ ]: Our journy to unwitting destinations .

============================================================================


ആരും അലാം വച്ചിരുന്നില്ല , എങ്കിലും നാല് മണിയായപ്പോള്‍ എണീറ്റു . പുലരുന്നതിനു മുന്നേ യാത്ര തുടങ്ങാനാണ് തീരുമാനം .അതി രാവിലെ ഉള്ള യാത്രകളില്‍ കാണുന്ന കാഴ്ചകള്‍ക്ക് ഒരു പ്രത്യേക ഭംഗിയാണ് .ഇന്ന് പോകുന്നത് വാല്പ്പരയിലെക്കാന് . പശ്ചിമ ഘട്ടത്തിലെ ഒരു ചെറിയ സ്ഥലമാണ് ഇത് . ചുറ്റും തെയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു .കാട് കടന്നാണ് പോകേണ്ടത്, ഏതാണ്ട് മുഴുവന്‍ സമയവും തന്നെ .സംഭവങ്ങളെല്ലാം പായ്ക്ക് ചെയ്തു. മനസില്‍ ചെറിയ ഒരു പ്രാര്‍ഥനയോടെ വണ്ടിയുടെ അടുത്തേക്ക് . ഇന്നലെ വയ്കിയാണ് എല്ലാവരും കിടന്നത് , അതുകൊണ്ട് തന്നെ ചെറിയ ക്ഷീണം എല്ലാവര്ക്കും ഉണ്ട് .



ക്ഷീണം നമുക്ക് മറക്കാം . യാത്ര ആരംഭിക്കുകയാണ് , പുതിയ കാഴ്ച്ചകളിലെക്കും അനുഭവങ്ങളിലേക്കും . എറണാകുളത് നിന്ന് ഏതാണ്ട് ആര് മണിക്കൂര്‍ ഉണ്ട് . ആര് മണിക്കൂറില്‍ കൂടാനെ ചാന്‍സ് ഉള്ളൂ. കാരണം അങ്ങോട്ട്‌ കാടിനകത്തു കൂടിയുള്ള യാത്രയിലാണ് കാഴ്ചകള്‍ കൂടുതല്‍ .ഒരു പ്രത്യേക സ്ഥലത്ത് പൊയ് നിന്നു കാഴ്ചകള്‍ ആസ്വദിക്കുന്ന തരം യാത്ര ഇവിടെ പ്രതീക്ഷിക്കാന്‍ പറ്റില്ല . പോകുന്ന വഴിക്ക് വളരെ മോനോഹരമായ ഒരുപാട് ചെറിയ ചെറിയ സ്ഥലങ്ങള്‍.ഈ പ്രാവശ്യം ഇവിടം തിരഞ്ഞെടുക്കാനും കാരണം അത് തന്നെയാണ് . അതുകൊണ്ട് തന്നെ അവിടെത്താന്‍ എന്തായാലും സമയം എടുക്കും . അതാണ്‌ ഈ യാത്രയ്ക്കുള്ള പ്രത്യേകത . ഏതാണ്ട് ഉച്ചയോടെയോ അതല്ലെങ്കില്‍ അതിനു മുന്‍പോ അവിടെതുകയാണ് ഞങ്ങളുടെ ലക്‌ഷ്യം.അങ്ങനെ യാത്ര പോകാന്‍ പറ്റിയ ഒരുപാട് സ്ഥലങ്ങള്‍ കേരളത്തിലും ഒരുപാടുണ്ട് .അവയില്‍ മിക്കവയും അതികമാര്‍ക്കും അറിയപ്പെടാതെ കിടക്കുന്നവയാണ് . ... .എന്തായാലും ഒരു ചായ കുടിക്കുന്നത് കൊണ്ട് പ്രശ്നമൊന്നും ഇല്ലല്ലോ . രാവിലത്തെ ചെറിയ മയക്കം മാറിക്കിട്ടും .ചായചെട്ടന്റെ ചായ ഗംഭീരം . കലക്കി , സ്ട്രോങ്ങ്‌ സൂപ്പര്‍ . നമ്മള്‍ പോകുന്ന സ്ഥലത്തും തേയില തോട്ട്ടങ്ങള്‍ തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ . സമയം അഞ്ചര ആകുന്നത്തെ ഉള്ളൂ , എങ്കിലും ഒരുപാട് ആളുകള്‍ അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു . വാഹനങ്ങള്‍ക്കും ഒരു കുറവില്ല . പക്ഷെ താരം ടിപ്പര്‍ ലോറികളാണ് . എന്താ സ്പീട് . കലൂരെതി . അന്തോണീസു പുന്ന്യാളനോട് പറയാതെ എങ്ങനാ പോകുന്നത് . രാവിലെ തന്നെ ഒരുപാട് പേര്‍ പ്രാര്‍ത്ഥിക്കുന്നത്‌ കണ്ടു .നല്ലത് സംഭവിക്കണേ എന്നുള്ള പ്രാര്‍ത്ഥനകള്‍ . എല്ലാം ഒരു വിശ്വാസം തന്നെയാണ് . അവരവരുടേതായ വിശ്വാസങ്ങള്‍ . പക്ഷെ അതിനെല്ലാം അപ്പുറത്തേക്ക് വിധിയും നിയോഗവും കരമവും കര്മാഫലങ്ങളും എല്ലാം കൂട്ടിക്കുഴച്ചു അങ്ങ് മുകളില്‍ ഇരിക്ക്കുന്നയാല്‍ വളരെ സൂക്ഷിച്ചു തയാറാക്കിയ ഒരു പക്കാ കൊമേര്‍സ്യല്‍ തിരക്കഥയാണ് ഇതെന്ന യാധാര്ത്യവും വിശ്വാസങ്ങളില്‍ പെടും . ഇതില്‍ എന്റെ റോള്‍ എന്താണ് വില്ലനോ നായകനോ . വില്ലന്‍ തന്നെയാണ് നല്ലതെന്ന് തോന്നുന്നു കാരണം അതിനു ചില പ്രത്യേകതകളുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇനി ഒരിക്കല്‍ പറയാം തീര്‍ച്ചയായും ഇനി ഒരിക്കല്‍

ഇനി നേരെ ആലുവ വഴി ത്രിശൂര്‍ ഭാഗത്തേക്ക് . ചാലക്കുടി കഴിഞ്ഞു അതിരപ്പള്ളി റൂട്ട് വഴിയാണ് നമുക്ക് പോകേണ്ടത് . വെളിച്ചം വീണു തുടങ്ങിയിട്ടില്ല . റോഡില്‍ മോശമല്ലാത്ത രീതിയില്‍ തിരക്ക് കൂടി വരുന്നുണ്ട് . ഒരുപാട് ട്രുക്കുകളും ടൂറിസ്റ്റ് ബസുകളും അന്തമില്ലാതെ പായുന്നു . ഇവിടെ നാലുവരി പാതയുടെ പണി നടന്നുകൊണ്ടിരിക്കുന്നു .. നമ്മുടെ ഗവര്‍മെന്റ് ഇപ്പോളും നാലുവരിപ്പാതയുടെ സ്ഥലം എത്ര വേണം എന്നുള്ള ചര്‍ച്ചകള്‍ പോലും അവസാനിപ്പിച്ചിട്ടില്ല . മുപ്പതു മീറ്റര്‍ മതിയോ അതോ നാല്പത്തിഅഞ്ച് മീറ്റര്‍ വേണോ എന്നതാണ് ഇപ്പോളത്തെ തര്‍ക്കം . പക്ഷെ മുപ്പതല്ല അതില്‍ കുറവ് വന്നാലും രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ചവര്‍ക്കുള്ള വീതം അവരുടെ കീശയിലേക്ക്‌ കൃത്യമായി ഒരു വീതിയും കുറയാതെ എത്തും . ഇതിനാണ് അധികാര വികേന്ദ്രീകരണം എന്ന് പറയുന്നത് .ഈ കൂലങ്ങഷമായ ചര്‍ച്ചകളെല്ലാം കേരളത്തില്ലെ സാക്ഷരരും ,രാഷ്ട്രീയബോധവുമുള്ള ജനങ്ങള്‍ക്ക്‌ വേണ്ടിയുല്ലതാന്നല്ലോ എന്നോര്‍ക്കുമ്പോ കുളിര് കോരുന്നു .നമ്മള്‍ അതിരപ്പള്ളി റോഡിലേക്ക് കടക്കുന്നു .എന്തായാലും ഈ റോഡ്‌ മോശമില്ല . ഒരുപാട് പേര്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകാന്‍ വേണ്ടി നടന്നു പോകുന്നുണ്ട് . റോഡിന്റെ അരികിലൂടെ വളരെ ഭവ്യതയോടെ പള്ളിയിലേക്ക് പോകുന്ന ഈ പെന്ന്കൊച്ചുങ്ങളെ ഒക്കെ കാണാന്‍ എന്ത് ഭംഗിയാണ്, കാര്താവേ this world is beautifull . വെളിച്ചം വീണു തുടങ്ങുന്നു . നമ്മള്‍ വളരെ വേഗത്തില്‍ തന്നെയാണ് പോകുന്നത് . .അടുത്ത പ്രധാന സ്ഥലം അതിരപ്പള്ളി വെള്ളച്ചാട്ടമാണ് . ഈ പോകുന്ന വഴിക്ക് തന്നെ ഒരു വാട്ടര്‍ തീം പാര്‍ക്കും ഉണ്ട് . എന്തായാലും അതിരപ്പള്ളി വെള്ളച്ചാട്ടം എത്താന്‍ ഇനി അധിക ദൂരമില്ല . മുന്നോട്ടു പോകുന്തോറും കെട്ടിടങ്ങളുടെ അതിപ്രസരം കുറഞ്ഞു വരുന്നുണ്ട് . അതിനിടയ്ക്ക് ഒരു എണ്ണപ്പനതോട്ടം കാണാനായി . സംഭവം മോശമില്ല . അവിടെ ഇറങ്ങി കുറച്ചു നേരം നിന്നു . പുറത്തു നിന്ന്കാണാന്‍ നല്ല ഭംഗിയുണ്ട് . ഒരേ അകലത്തില്‍ അടുക്കി അടുക്കി വച്ചത് പോലെ .പക്ഷെ അകത്തേക്ക് കയറാന്‍ പറ്റാത്ത വിധം അത് വേലി കെട്ടി തിരിച്ചിട്ടുണ്ട് . നമ്മള്‍ വളരെ തന്ത്രപൂര്‍വ്വം നമ്മുടെ ചുറ്റിലും ഉള്ള നാല് ദിക്കുകളും മതിലുകള്‍ കെട്ടി ഭദ്രമാക്കുന്നു . പുറം ലോകത്തിന്റെ പ്രശ്നങ്ങളെ വളരെ വിധഗ്തമായി ഒഴിവാക്കിക്കൊണ്ട് , എന്ന് മുതലാണ്‌ നമ്മള്‍ മതിലുകളുടെ രാഷ്ട്രീയത്തിന് പിന്നാലെ പോകാന്‍ തുടങ്ങിയത്.... ഇവിടെ അധികം നില്ക്കാന്‍ സമയമില്ല . ഇനി മുന്നോട്ട് പോകുമ്പോല്‍ മല നിരകള്‍ കണ്ടു തുടങ്ങുന്നുണ്ട് . സമയം ആറര ആകുന്നത്തെഉള്ളൂ. കയറ്റം ഒന്നുമില്ലെങ്കിലും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡാണ് ഇപ്പോള്‍ .

അതിരപ്പള്ളി വെള്ളചാട്ടതിലൂടെ ഒഴുകി വരുന്ന പുഴയില്‍ അധികം വെള്ളം ഒന്നും കാണാനില്ല . വെള്ളം നന്നേ കുറഞ്ഞിരിക്കുന്നു . കേരള വനം വകുപ്പ് ഒരു സൈന്‍ ബോര്‍ഡില്‍ എഴുതിവച്ചിട്ടുണ്ട് . "കാട് പോയാല്‍ നാട് പോകും . നാട് പോയാല്‍ നാട്ടാരും പോകും" എന്ന് . സംഗതി ഒക്കെ കൊള്ളാം കേള്‍ക്കാനും പറയാനും ഒരു രസമൊക്കെ ഉണ്ട് . പക്ഷെ കാനെണ്ടാവര്‍ കാണാതെ ഇത്തരം ബോര്‍ഡുകള്‍ കൊണ്ട് ഒരു കാര്യവുമില്ല . നമ്മളെക്കൊണ്ട് സാധിക്കുന്നത് പോലെ നിയമങ്ങള്‍ പാലിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട് . അല്ലെങ്കിലും നിയമങ്ങള്‍ ഒരിക്കലും നമുക്ക് വേണ്ടിയല്ല . മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് . അവര്‍ നിയമങ്ങള്‍ പാലിക്കാതിരിക്കുമ്പോള്‍ മാത്രമാണ് നിയമ ലങ്കനം ആകുന്നത് . പിന്നല്ല . അവന്റെ ഒക്കെ ഒരു കാടും മേടും. ജീവന്‍ ഒള്ളടത്തോളം കാലം ഇതൊക്കെ ഞങ്ങള്‍ കട്ട് മുടിക്കുമെടാ കട്ട് മുടിക്കും . പോകാന്‍ പറ . മഴ കുറഞ്ഞാലെന്ത്, നമ്മള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്നു വെള്ളം പമ്പ്‌ ചെയ്തു കേറ്റും. അതിനു ഒബാമെടെ അവ്ധാര്യം ഒന്നും വേണ്ടല്ലോ , ഞാന്‍ ഇത് പറഞ്ഞെന്നു മോഹന്ജി കേള്‍ക്കണ്ട , അങ്ങേര്ക്കതൊരു യെനക്കെടാകും .

വെള്ളച്ചാട്ടം കാണാന്‍ പറ്റുന്നുണ്ട് ചെറുതായി . വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകുന്നില്ല , യാത്രയുടെ ദൂരം ഒരുപാട് ഉള്ളതുകൊണ്ടും അവിടെ ഇതിനുമുന്‍പ് പോയിട്ടുള്ളത്കൊണ്ടും തല്ക്കാലം ഒരു കാഴ്ചയായി ഒതുക്കുന്നു . ഇവിടെ അടുത്തായിരിക്കാം അതിരപ്പള്ളി വൈദ്യുത പദ്ധതി വരാന്‍ ഉദേശിക്കുന്നത് . ഈ ബ്ലഡി ജനങള്‍ക്ക് എന്തറിയാം . വികസനം വന്നാലല്ലേ അടിസ്ഥാന ജനവിഭാഗത്തെ പാവം ജന സേവകര്‍ക്ക് ഉദ്ധരിക്കാന്‍ പട്ടു. ഇവിടെ മാത്രം എന്താ വികസനം വരണ്ടേ .എന്നും ഇങ്ങനെ പരിപ്പുവടേം പപ്പട വടേം കഴിച്ചു കടത്തിണ്ണയില്‍ കിടന്നാല്‍ മതിയോ നിങ്ങള്ക്ക് . പോരാ, അപ്പൊ വികസനം വരണം , അതിനു ഊര്‍ജം വേണം , വയ്ദ്യുതി വേണം, പിന്നല്ല !! . അപ്പോള്‍ പിന്നെ ഒരു പുഴ തടഞ്ഞു നിര്‍ത്തി അതിന്റെ അരികിലുള്ള കുറച്ചു കാടും പള്ളയും വെട്ടി കളഞ്ഞു എന്ന് വച്ച് എങ്ങനെയാണ് പരിസ്ഥിതി നശിക്കുക . ഒരു പത്തോ നൂറോ ഏക്കര്‍ കാട് വെട്ടി കളഞ്ഞു എന്ന് വച്ച് എന്ത് ആവാസ വ്യവസ്തയ്ക്കാന് കോട്ടം തട്ടുക . അല്ലെങ്കില്‍ തന്നെ ഈ പുഴയില്‍ ഉള്ളത് ആയിക്കൂരയും സ്രാവുമോന്നും അല്ലല്ലോ . വംശനാശം സംഭവിച്ചു പണ്ടാരമടങ്ങി നില്‍ക്കുന്ന ചെറിയ ചെറിയ മീനുകള്‍ . അവയെ ഒന്നും ആരും കറി വച്ച് കൂട്ടാന്‍ പോകുന്നില്ല .പിന്നെ വായില്‍ കൊള്ളാത്ത തരം പേരുകളുള്ള നമുക്ക് യാതൊരു ആവശ്യവും ഇല്ലാത്ത കുറെ ജന്തുക്കളും . ഇവയെ ഒക്കെ എന്തിനാണ് നമ്മള്‍ ശ്രദ്ധിക്കാന്‍ പോകുന്നത് . എനിക്ക് നിങ്ങളുടെ ഈ വികസന വിരുദ്ധ മനോഭാവത്തിന്റെ ഉറവിടത്തെക്കുറിച്ച് ഒരു പിടിയും കിട്ടുന്നില്ല .പത്തു കാശ് കീശയിലേക്ക്‌ തടയുന്ന കാര്യം വരുമ്പോളാ ഇവന്മ്മാരുടെ ഒക്കെ ഒരു ചങ്കി കൊള്ളുന്ന പരുപാടികള്‍ . പണ്ടത്തെ പോലെ റോഡിലും കലുങ്ങിലും അഴിമതി കാട്ടിയാല്‍ എന്തോ കിട്ടാന . അപ്പൊ പിന്നെ രക്ഷേ ഇങ്ങനത്തെ രണ്ടോ മൂന്നോ ഡാം , സ്മാര്‍ട്ട്‌ സിറ്റി , മേല്‍പ്പാലം ഇതിലോക്കയെ ഉള്ളു .ഇതൊക്കെ യെവന്മ്മര്‍ക്ക് പറഞ്ഞാ മനസിലാകുമോ .

അകലെ നിന്ന് നോക്കുമ്പോള്‍ പോലും ഈ വെള്ളച്ചാട്ടത്തിനു ഒരു വന്യമായ സൌന്ദര്യമാണ് . ഈ വെള്ളച്ചാട്ടം നമ്മള്‍ ഒരുപാട് ഫിലിം സോഗ്സിലൂടെ കണ്ടിട്ടുണ്ട് . ലെറെസ്റ്റ് ആയി മണിരത്നത്തിന്റെ രാവനില്‍ കൂടിയും . ഹോ ആയിശു നെ കാണാന്‍ എന്ത് ഭംഗിയാണ് രാവനില്‍ . വേണ്ട ഞാന്‍ ഒന്നും പറയുന്നില്ല ഇനി ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് പിന്നെ . പണ്ടെങ്ങാണ്ട് ഏതോ മീഡിയ അലവലാതികള്‍ ആയിശു നെ പറ്റി എന്തോ പാപ്പോ പൂടയോ വച്ച് പറഞ്ഞെന്നും പറഞ്ഞു നമ്മുടെ അമിതാബ് ബച്ചന്‍ ചേട്ടന്‍ എന്തായിരുന്നു പ്രകടനം, ഭാരത സ്ത്രീയുടെ അഭിമാനമല്ലേ ആ മീഡിയ എമ്പോക്കികള്‍ കളഞ്ഞു കുളിച്ചത് . പിന്നെ അടങ്ങി ഇരിക്കുവോ ബച്ചന്‍ ചേട്ടന് അടങ്ങി ഇരിക്കാന്‍ പറ്റുവോ .എന്തായാലും നമുക്ക് പോകാം . മുന്നോട്ടു ഇനി അതികം കടകള്‍ ഒന്നുമുണ്ടാവില്ല . മുഴുവന്‍ പച്ചപ്പാണ് ചുറ്റും . ഇവിടം തൊട്ടു തന്നെ വന മേഘലയാവം .അതുകൊണ്ട് അടുത്തെവിടെ നിന്നെങ്കിലും കഴിച്ചിട്ട് പോകണം . അടുത്തുള്ള ഒരു പെട്ടിക്കടയില്‍ ചെന്ന് ചോദിച്ചു . ഒരു പതിനഞ്ചു മിനിട്ട് മുന്നോട്ടു പോയാല്‍ ഒരു ഹോട്ടല്‍ ഉണ്ട് എന്ന് പറഞ്ഞു . അത് കഴിഞ്ഞാല്‍ പിന്നെ കുറെ അങ്ങ് എത്തണം അത്രേ . ചേട്ടനോട് നന്ദി പറഞ്ഞു വണ്ടി വിട്ടു . എല്ലാവര്ക്കും നന്നായി വിശക്കുന്നുണ്ട് . എന്തെങ്കിലും കാര്യമായി കഴിച്ചില്ലേ സംഭവം കുഴയും . കുറച്ചങ്ങോട്ട് ചെല്ലുമ്പോള്‍ ചെറിയ കടകള്‍ ഒക്കെയായി ഒരു സ്ഥലം കണ്ടു . ഒരു ചായക്കട മാത്രമേ ഉള്ളൂ .അതുകൊണ്ട് എന്താവാന്‍ .. നേരത്തെ പറഞ്ഞ ഹോട്ടല്‍ ഇതാവാനിടയില്ല എന്ന് പറഞ്ഞു അവിടെ നിന്ന് പുറത്തിറങ്ങി . ആ കടയുടെ അരികിലൂടെ പുഴയുടെ അടുത്തേക്ക് ഒരു ഇടവഴി പോകുന്നത് കണ്ടു . പക്ഷെ അങ്ങോട്ട്‌ പോകണമെങ്കില്‍ എട്ടു മണി കഴിയണം എന്ന് ഗാര്‍ഡ് പറഞ്ഞു . എളുപ്പം വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അങ്ങോട്ടിറങ്ങി . ഈ പുഴ തന്നെയാണ് താഴെ അതിരപ്പള്ളി വല്ലചാട്ടമായി താഴേക്ക് പതിക്കുന്നത് ഇവിടെ നമുക്ക് പുഴയില്‍ ഇറങ്ങി കുളിക്കാനുള്ള സൌകര്യം ഉണ്ട് . വെള്ളത്തിന്‌ നല്ല തണുപ്പാണ് . അതികനേരം അവിടെ നില്‍ക്കാതെ തിരിച്ചു നടന്നു . ഗര്ട്നോട് നന്ദി പറഞ്ഞു വണ്ടി വിട്ടു . ഇവിടെ അടുത്താണ് വാഴാച്ചാല്‍ വെള്ളച്ചാട്ടവും .അതിക ദൂരമില്ല . അതിരപ്പള്ളി പോകുന്നവര്‍ അവിടെയും കൂടി പോകാറുണ്ട് .


സമയം എഴാകുന്നത്തെ ഉള്ളു . വിശപ്പ്‌ കൂടി വരുന്നു . എന്താണെന്നറിയില്ല എന്നത്തേയും പോലെ ഞായറാഴ്ച നല്ല വിശപ്പ്‌ . മുന്നോട്ടു പോകുന്തോറും ധാരാളം ഇല്ലിക്കുട്ടങ്ങള്‍ കാണുന്നുണ്ട് . ചെറിയ കയറ്റം തുടങ്ങിയിരിക്കുന്നു വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള ഒരു ചെക്ക്‌ പോസ്റ്റില്‍ വണ്ടി നിര്‍ത്തി . വണ്ടി മുഴുവന്‍ നോക്കനംത്രേ . മദ്യം , stove അങ്ങനെ ഒന്നും കാട്ടിലൂടെ കൊണ്ട് പോകാന്‍ പറ്റില്ല എന്ന് . വണ്ടി പരിശോദിച്ചു . ആള്‍ ക്ലിയര്‍ . ചെക്ക്‌ പൊസ്റ്റില്‍ അവിടുന്ന് സ്ഥലങ്ങളിലേക്കുള്ള ദൂരം എഴുതി വച്ചിട്ടുണ്ട് . വാല്പ്പരയ്ക്ക് 84 km .. അടുത്ത സ്ഥലം പുളിയിലപ്പരയാണ് . അവിടെ ഹോട്ടല്‍ ഉണ്ടാകാന്‍ സാദ്യതയുന്ദ് .സമയം ഏഴു മണിയായി . പത്തുമിനിട്ടു കൊണ്ട് സ്ഥലമെത്തി .ആകെ മൂന്നോ നാലോ കടകളെ ഉള്ളൂ ഇവിടെ . പിന്നെ ഒരു കുരിശുപള്ളിയും അടുത്തായി തന്നെ ചെറിയ ഒരു കോവിലും . പ്രധാന പാര്‍ടികളുടെ കൊടിമരങ്ങലുമുണ്ട് അടുത്തായി തന്നെ . ഞായരാഴ്ചായത് കൊണ്ടാവാം ഈ ഹോട്ടല്‍ മാത്രമേ തുറന്നിട്ടുള്ളൂ . എന്തായാലും ഹോട്ടലില്‍ കയറി . വയസായ ഒരു ചേട്ടനും ചേടത്തിയും പിന്നെ ഒരു പൂവന്‍ കോഴിയും കൂടിയാണ് ഈ കട നടത്തുന്നത് . ഞങ്ങള്‍ കയറി ചെല്ലുമ്പോള്‍ മേശയില്‍ കയറി നിന്നു പൂവന്‍ ഞങ്ങളെ നോക്കുകയാണ് . യെവനെ ഒക്കെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍ . കഴിക്കാന്‍ പുട്ടും മുട്ടക്കറിയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു . വിശക്കുമ്പോള്‍ പുട്ടും മുട്ടക്കറിയും മാത്രമല്ല പുട്ടും കോഴിക്കറിയും വരെ കഴിച്ചു പോകുന്ന ലോല ഹൃദയരാന് എന്റെ കൂടെയുള്ളവര്‍ . പുട്ടും മുട്ടക്കറിയും എത്തി . " ഈടെ ഒരു പുയുങ്ങിയ മുട്ടേം കൂടി വേണേനു . കൊയീന്റന്നെ മതി "അലക്സ്‌ വിളിച്ചു പറഞ്ഞു . പെരുന്നാളിനും സപ്തതിക്കും ഈസ്റ്ററിനും എന്ന് വേണ്ട സകല ചെല്ല് പുല്ലു പരുപാടിക്കും കാരണമില്ലതെയും കാരണമുണ്ടാക്കിയും തന്റെ വംശത്തിന്റെ തലയില്‍ കത്തി വച്ച് കൊന്നു തിന്നുന്ന മനുഷ്യകുലത്തിന്റെ മൊത്തം പ്രതീകമായി , ഒരു കാര്‍ക്കോടകനായി അലക്സിനെ നമ്മുടെ പൂവന് തോന്നി . അവന്‍ അടുത്തുണ്ടായിരുന്ന ജനലിലൂടെ പുറത്തേക്കു പറന്നു .ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങി . എക്സ്ട്രാ രണ്ടു കുപ്പി വെള്ളവും വാങ്ങി . സമയം ഏഴര കഴിഞ്ഞു . പെരിങ്ങല്‍ക്കുത്ത് ഹൈഡ്രോ ഇലക്ട്രിക്‌ പ്രൊജക്റ്റ്‌ ന്റെ ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടു . വണ്ടി വിട്ടു . ഇനി യാത്ര ഏതാണ്ട് മുഴ്വനായും വനപ്രദേശത്ത് കൂടി തന്നെയാണ് . മുന്നോട്ടു മുളംകാടുകള്‍ കാണാനുണ്ട് . മരങ്ങളും വ്യത്യസ്തമാണ് ഇവിടങ്ങളിലൂടെ . എല്ലാം വളരെ ഉയരം കൂടിയ മരങ്ങള്‍ . അടുത്തുകൂടെ തന്നെ ചാലക്കുടി പുഴ ഒഴുകുന്നു . ചാലക്കുടി പുഴയില്‍ തന്നെയാണ് അതിരപ്പള്ളി , വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ . ഇന്ത്യയിലെ ഏറ്റവും ജൈവ വൈവിദ്യമാര്‍ന്ന പുഴയാണ് ഇത് .ഇന്ത്യയില്‍ വച്ച് കൂടുതല്‍ ഇനം മത്സ്യങ്ങള്‍ ഉള്ളതും ചാലക്കുടി പുഴയില്‍ തന്നെ ആണ് . ചുരുക്കം പറഞ്ഞാല്‍ വളരെ അതികം പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു സ്ഥലത്തുകൂടി ആണ് നമ്മള്‍ ഇപ്പോള്‍ പോകുന്നത് . കയറ്റം കൂടി വരുന്നുണ്ട് ഇപ്പോള്‍ . കയറ്റം കൂടുന്തോറും മരങ്ങളുടെ വലിപ്പവും താരവും എല്ലാം മാറുന്നു . അവയെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ഭാവവും . പ്രകൃതി പ്രതികരിക്കുന്നു അതി ശക്തമായി .പ്രകൃതി എപ്പോളും മുന്നറിയിപ്പുകള്‍ തരാറുണ്ട് , പക്ഷെ ഓട്ടപ്പാച്ചിലിനിടയില്‍ തിരിഞ്ഞു നോക്കാന്‍ നമുക്ക് സമയം തീരെ ഇല്ല ..

മുന്നോട്ടു കുറച്ചു കൂടി പോകുമ്പോള്‍ പഴയ കയറ്റം ഒന്നും കാണാനില്ല . പക്ഷെ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും വിധം മനോഹരമായ ഒരു സ്ഥലമാണ് ഇപ്പോള്‍ കാണാന്‍ പറ്റുന്നത് . ഒരു ചെറിയ തടാകം . അതി ഭീകരമായി അണിഞ്ഞൊരുങ്ങി ആരെയോ കാത്തിരിക്കുന്ന പോലത്തെ ഒരു തടാകം . aa പ്രദേശത്തിന്റെ ഭംഗി മുഴുവനായും വിവരിക്കാന്‍ എനിക്ക് അറിയില്ല . ഇത് തടാകമാണോ എന്ന് എനിക്ക് സംശയം ഉണ്ട് . ചുറ്റും മരങ്ങളാല്‍ ചുടപ്പെട്ടാണ് ഇത് കിടക്കുന്നത് . വളരെ അകലെ മരങ്ങള്‍ക്ക് ഇടയിലൂടെ വെള്ളം ഒഴുകി വരുന്ന രണ്ടു വലിയ നീര്‍ച്ചാലുകള്‍ കാണാന്‍ കഴിയുന്നുണ്ട് . കണ്ണാടി പോലെ ഉള്ള വെള്ളം . പകുതി മാത്രമാണ് വെള്ളം ഉള്ളത് ഇപ്പോള്‍ . അതുകൊണ്ട് തന്നെ ഉള്ളിലോട്ടു നമുക്ക് ഇറങ്ങി പോകാന്‍ പറ്റും . വളരെ വിജനമായ ഈ പ്രദേശത്തിന്റെ ഭംഗി മനുഷ്യന്‍ അവന്റെ കച്ചവട കണ്ണുകള്‍ ഇങ്ങോട്ട് തിരിക്കാതിടത്തോളം മാത്രമേ ഉണ്ടാകൂ എന്നത് ദുഖകരമായ സത്യമാണ് . ഇവിടെ എങ്ങും ആരുമില്ല ഞങ്ങള്‍ മാത്രം . ഇതൊക്കെ എത്ര പേര്‍ വന്നു കാണുന്നുണ്ട് . അതിക സമയം ഇവിടെ ചിലവിടാന്‍ എന്തായാലും പറ്റില്ല . ഇവിടെ നിന്ന് തന്നെ ഞങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള ദൂരം വളരെ ഉണ്ട് . തിരികെ നടന്നു .. കുറച്ചു കൂടി നേരം അവിടെ നില്‍ക്കമായിരുന്നു എന്ന ഒരു തോന്നല്‍ എല്ലാവര്ക്കും ഉണ്ടായിരുന്നു . മുന്നോട്ടു കുറച്ചു കൂടി പോകുമ്പോള്‍ ഒരു ചെറിയ പുഴ ഒഴുകി വരുന്നത് കാണാനാകുന്നുണ്ട് . അത് ഒരു പക്ഷെ ആ തടാകത്തിലേക്ക് ആയിരിക്കാം ഒഴുകി ചെല്ലുന്നത് . അവിടെയും ഇറങ്ങി അല്‍പ്പനേരം ഈ പുഴയുടെ ഭംഗിയും ഞാന്‍ മനോഹരം എന്ന് പറഞ്ഞു ഒതുക്കുന്നു . ഞാന്‍ കുറെ നേരമായി മനോഹരം , അതി മനോഹരം , ഭീകരമായി മനോഹരം എന്നുള്ള പദങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് അറിയാഞ്ഞിട്ടല്ല .തല്‍ക്കാലത്തേക്ക് ക്ഷമിക്കു . എന്തായാലും അടുത്ത തവണ നാല് വരി കവിത ഞാന്‍ ഒപ്പിച്ചു കൊണ്ട് വരുന്നതാണ് .

ഇവിടെ വഴി രണ്ടു ചെറിയ വണ്ടികള്‍ക്ക് കടന്നു പോകാവ്ന്നത്ര മാത്രമേയുള്ളൂ .അധികം വണ്ടികളൊന്നും കാണാനുമില്ല എന്ത് തന്നെയായാലും . വീണ്ടും കയറ്റം തുടങ്ങുന്നു . ഇപ്പോള്‍ വഴി വല്ലാതെ വളഞ്ഞും തിരിഞ്ഞുമാണ് പോകുന്നത് . ഇവിടെ അതികവും ചെറിയ ചെറിയ മരങ്ങള്‍ മാത്രമാണ് . പക്ഷെ എങ്ങും പച്ചപ്പാണ് . എന്താ പറയുക അതിനു .പണ്ട് പഠിച്ചിട്ടില്ലേ "മലരണി കാടുകള്‍ തിങ്ങി വിങ്ങി ... മരതക കാന്തിയില്‍ മുങ്ങി മുങ്ങി ..." ഇതൊക്കെ തന്നെയാണ് അത് . ഇവയെ കുറിച്ചൊക്കെ തന്നെ . ഇനി ചെറിയ ഇറക്കം തുടങ്ങുന്നു . പക്ഷെ മുന്നില്‍ കാണാം വളരെ ഭംഗിയായി തന്നെ ഇനി വരാന്‍ പോകുന്ന കയറ്റത്തിന്റെ വലുപ്പം . ഇവിടുത്തെ മരങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ഇലകളില്ല . ഇല പൊഴിയും ശിശിരത്തില്‍ .ല.. ല.. ലാല.. ല ല ലാല.. . ഇത് ശിശിരം ആണോ എന്തോ . ഇനി കുത്തനെ ഉള്ള കയറ്റം തന്നെ .അകലേക്ക് എന്തോ ഒരു കണ്‍സ്ട്രക്ഷന്‍ കാണാം . നേരത്തെ പറഞ്ഞ പെരിങ്ങല്‍ക്കുത്ത് പ്രൊജക്റ്റ്‌ ന്റെ ആണ് എന്ന് തോന്നുന്നു . വഴി അരികിലൂടെ കറന്റ്‌ ലൈന്‍ വലിച്ചിട്ടുണ്ട് . പോസ്റ്റ്‌ ന്റെ കാര്യമാണ് രസം . കണ്ടാല്‍ ഇപ്പോള്‍ വീഴും എന്ന് തന്നെ തോന്നും . പക്ഷെ നോക്കിയാല്‍ മനസിലാകും വളരെ കാലമായി ഒരു കുഴപ്പവും കൂടാതെ അത് അവിടെ നില്‍ക്കുന്നതാണെന്ന് . ഇപ്പോള്‍ പ്രൊജക്റ്റ്‌ ലേക്ക് വെള്ളം കൊണ്ട് പോകുന്ന പൈപ്പുകള്‍ കാണാം .. ഇവിടെ നിന്ന് നോക്കുമ്പോള്‍ സ്വല്‍പ്പം ഭയം തോന്നാതില്ല . അതുപോലുള്ള ഒരു സ്ഥലമാണ് ഇത് .ഇത്ര ഉയരത്തില്‍ നിന്നു ഒരേ നിരയില്‍ താഴോട്ടു മൂന്നു പയിപ്പുകള്‍ പോകുന്നു . ഏതാണ്ട് ഒരു മൂന്നോ നാലോ കിലോമീറെര്‍ ദൂരത്തില്‍ അങ്ങ് താഴെ ആണ് പവര്‍ സ്റ്റേഷന്‍ ഉള്ളത് . ഇവിടെയും അല്‍പ്പനേരം അതിനിടയ്ക്ക് തിരിച്ചു വരുന്ന ഒരു വണ്ടിയില്‍ ഉള്ളവര്‍ പറഞ്ഞു അവിടെ ആന ഇറങ്ങിയിട്ടുണ്ട് എന്ന് . പോരെ . ഇനി എന്ത് വേണം . ദൈര്യമായി മുന്നില്‍ ചെന്ന് നിന്ന് കൊടുത്താല്‍ മതി . കുറച്ചു കഴിഞ്ഞു പോകാം എന്ന് എല്ലാവരുടെയും മുഖത് എഴുതി വച്ചിരിക്കുന്നു . പേടിതോണ്ടന്മ്മാര്‍ . ഛെ . ചോദിച്ചു ചോദിച്ചു പോകാം എന്ന തീരുമാനത്തോടെ വണ്ടി മുന്നോട്ടെടുത്തു . കുറച്ചു മുന്നോട്ടു പോയപ്പോള്‍ ഒരു ചെറിയ കെട്ടിടത്തില്‍ ഗാര്‍ഡ് നില്‍ക്കുന്നത് കണ്ടു . അവിടെ ചോദിച്ചു. അയാള്‍ പറഞ്ഞു പ്രശ്നമൊന്നും ഇല്ല എന്ന് .എങ്ങനെയാണ് ആ മനുഷ്യന്‍ ഒരു ദിവസം മുഴുവനും തന്നെ ഇരിക്കുന്നത് .സര്‍വവും നിശ്ചലം. കടലും കിഴവനും പോലെ ഗാര്‍ഡും കാടും . വല്ലപ്പോളും ഇത് പോലെ പോകുന്ന വണ്ടികള്‍ മാത്രമാണ് ഇത്നൊരു അപവാദം . ഇവിടെ ഈ കാടിനകത്തു വളരെ മവ്നമായ ഒരു അച്ചടക്കം ഫീല്‍ ചെയുന്നുണ്ട്. ഈ കാടിനകത്തു നടക്കുന്നതെല്ലം പൊതുവായ അച്ചടക്കത്തിന് വിധേയമായാണ് . മൃഗങ്ങള്‍ വെള്ളം കുടിക്കുന്നതും പക്ഷികള്‍ പറക്കുന്നതും എന്തിനു ഇരപിടിക്കുന്നത് പോലും അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു . എന്തും ആവശ്യത്തിനു മാത്രം . നമ്മള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് കുറവും കൂടുതലും എല്ലാം വേണ്ടത് .

അടുത്ത സ്ഥലം മലക്കപ്പരയാണ് . ടാറ്റ ടി യുടെ ബോര്‍ഡ് വച്ചിരിക്കുന്നത് കണ്ടു . ഇനി അങ്ങോട്ട്‌ തേയില തോട്ടങ്ങള്‍ തുടങ്ങുകയാണ് . ചെറിയ ചെറിയ കോവിലുകള്‍ ഒക്കെ കാണാം ഇപ്പോള്‍ . എല്ലാം ഒരു തമിഴ് മയം . മലക്കപ്പരയിലെക്ക് ഇനി അതിക ദൂരമില്ല . ഇവിടെ തേയില തോട്ടങ്ങള്‍ അധികം ഒന്നും കാണാനില്ല. തുടങ്ങുന്നതെ ഉള്ളു . ചെറിയ ചെറിയ വീടുകള്‍ കാണാനുണ്ട് . എല്ലാം ഒറ്റപ്പെട്ടവ . വീട് എന്ന് പറയാനാവില്ല , കുടിലുകള്‍ അതാണ്‌ ശെരി . രണ്ടോ മൂന്നോ മുറികളുള്ള കുടിലുകള്‍ . ചെറിയ ചെറിയ കോവിലുകള്‍ അടുത്തുണ്ട് . കടും ചായങ്ങല്‍ക്കൊണ്ട് അലങ്കരിച്ചിരിക്കുന്ന കോവിലുകള്‍ .ചുവപ്പ് മഞ്ഞ അങ്ങനെയുള്ള നിറങ്ങള്‍ ; എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത ..

ഇനി കുറച്ചു ദൂരം കൂടി മാത്രം മലക്കപ്പരയിലെക്ക് . ഇവിടെ എല്ലാം നല്ല റോഡുകളാണ് . വീതി കുറവാണെങ്കിലും . വഴിയെ നടന്നു പോകുന്ന ആളുകളുടെ എണ്ണം കൂടുന്നുണ്ട് . കാട് കഴിഞ്ഞു എന്ന് തന്നെ പറയാം . ഒരു ചെറിയ സ്ഥലത്തേക്ക് എത്തി . ഗ്രാമം എന്നോ ടൌണ്‍ എന്നോ ഒന്നും പറയാനാവില്ല . യറാഴ്ച ആയതു കൊണ്ടാവാം,അതികം തിരക്കൊന്നും ഇല്ല .ഒരു വശത്തേക്ക് ചെരിവുള്ള സ്ഥലമാണ് മലക്കപ്പര .റോഡ്‌ നു താഴെ ഒരു കെട്ടിടം അലങ്കരിച്ചിട്ടുണ്ട് . പുറത്തു ചെറിയ ബള്‍ബുകള്‍ മാലയായി തൂക്കി ഇട്ടിരിക്കുന്നു .ടപ്പാം കൂത്ത് പാട്ട് കേള്‍ക്കുന്നുണ്ട് . അന്വേഷിച്ചപ്പോള്‍ ഒരു കല്യാണത്തിന്റെ ആഘോഷങ്ങളാണ് എന്ന് അറിയാന്‍ കഴിഞ്ഞു .ഇവിടം എല്ലാംകൊണ്ടും വ്യത്യസ്തമാണ് . ജീവിത രീതികളില്‍ തന്നെ ഒരുപാട് മാറ്റം .. റോഡിനു മുകളിലുള്ള വശത്ത് ഒറു ഒറ്റ മുറി കടയുടെ മുന്നില്‍ ഹോട്ടല്‍ എന്ന് എഴുതി വച്ചിട്ടുണ്ട് . കുറെ നേരമായി യാത്ര . ചെറിയ ക്ഷീണം ഇല്ലാതില്ല . കടയിലേക്ക് കയറി . പഴയ ഏതോ തമിഴ് പടത്തിലെ ഒരു ഹിറ്റ്‌ ഗാനം ഒഴുകി വരുന്നുണ്ട്.സംഭവം ഇളയരാജയുടെ തന്നെ .ചായപ്പൊടി വില്‍ക്കാന്‍ വച്ചിട്ടുണ്ട് . തേയില തോട്ടങ്ങളാണ് അടുത്തെങ്കിലും വിലയ്ക്ക് കുറവൊന്നും ഇല്ല .സ്ട്രോങ്ങ്‌ ടി പറഞ്ഞു . ചായ വരാന്‍ അധിക സമയം ഒന്നുമെടുത്തില്ല . നല്ല ചായ പക്ഷെ രുചി വ്യത്യാസം ഉണ്ട്.സമയം എടുത്തു ആസ്വദിച്ചു തന്നെ ചായ കുടിച്ചു .ഞങ്ങള്‍ കുറച്ചു നേരം അവിടെ ചുറ്റിക്കറങ്ങി .

ഇനിയും ചെറിയ കയറ്റം തന്നെയാണ് . മുന്നോട്ടു പോകുന്തോറും തേയില തോട്ടങ്ങള്‍ കൂടി വരുന്നുണ്ട് . ഇപ്പോള്‍ യാത്ര മുഴുവനായും തേയില തോട്ടങ്ങള്‍ക്ക് അടുത്തുകൂടി തന്നെയാണ് . ചുറ്റം തേയില തോട്ടങ്ങള്‍ ,കണ്ണെത്താത്ത ദൂരത്തോളം . സര്‍ക്കാര്‍ കമ്പനികള്‍ക്ക് പാട്ടത്തിനു കൊടുത്തിരിക്കുന്നത് ഏരിയ അനുസരിച്ചല്ല പകരം ഓരോ മല വീതം ആണെന്ന് തോന്നും . ഓരോ മലയുടെ മുകളിലും കമ്പനികളുടെ ഓഫീസുകള്‍ കാണാം . ഇതൊക്കെ ഒരിക്കലും സര്‍ക്കാരുകള്‍ക്ക് തിരിചെടുക്കനാവാത്ത വിധം ഉള്ള പാട്ട കരാരുകളിലായിരിക്കണം ഒപ്പിട്ടിട്ടുള്ളത് .കേട്ടിട്ടില്ലേ തൊള്ളായിരത്തി തോന്നൂട്ടി ഒമ്പത് വര്ഷം അങ്ങനെ ഉള്ള പാട്ട കരാറുകളാണ് മിക്കതും അത്രയും കാലം അതില്‍ ഒപ്പിട്ടവാന്‍ പോയിട്ട് ആ കമ്പനി പോലും നിലനില്‍ക്കില്ല എന്ന് അച്ചട്ട് . എന്നിട്ടും ഇങ്ങനത്തെ കരാറുകള്‍ ഉണ്ടാകുന്നു .അഥവാ അങ്ങനെ അല്ലെങ്കില്‍ അങ്ങനെ ആക്കാന്‍ കഴിവുള്ള വക്കീലന്മ്മാരും മേധാവികളും നമുക്ക് ഉണ്ടല്ലോ .

കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ വഴി രണ്ടായിട്ട് പിരിയുന്നു .വാല്പ്പരയ്ക്ക് ഇവിടെ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ . വലതു വശം കൂടി പോയാല്‍ നേരെ വാല്പ്പര എത്താം . ഇടതു വശത്ത് കൂടിയാണെങ്കില്‍ ഷോളയാര്‍ ഡാം വഴി വാല്പ്പാരയ്ക്ക് . ഇടതു വശം കൂടി പോകാന്‍ തീരുമാനിച്ചു . മുന്നോട്ടു പോകുന്തോറും നേരത്തെ കണ്ട അത്രയും തേയില തോട്ടങ്ങള്‍ കാണാനില്ല . ഇവിടെ നിന്ന് വളരെ അടുത്താണ് ഡാം . ഇവിടുത്തെ പ്രകൃതി നേരത്തെ കണ്ടത് പോലെ അല്ല . വളരെ മുന്നില്‍ റോഡിനു കുറുകെ വെള്ളം ഒഴുകി പോകുന്നത് കാണാം . വളരെ കുറച്ചു മാത്രം . ഇപ്പോള്‍ ഡാം കാണാന്‍ പറ്റുന്നുണ്ട് . റോഡ്‌ ഡാമിന്റെ മുന്നില്‍ കൂടി ആണ് പോകുന്നത് . ഒരു പാലത്തിലൂടെ . ഒരു സൈഡില്‍ കൂടി മുകളില്‍ കൂടി കയറാനുള്ള വഴി കാണാം . ഈ പ്രദേശത്തെങ്ങും ആരെയും കാണാനില്ല . എന്തായാലും കയറ്റം കയറി മുകളില്‍ എത്തുക തന്നെ . ഇവിടെ നിന്ന് നോക്കുമ്പോള്‍ ഒരു വല്യ ഡാമിന്റെ സെറ്റ് അപ്പ്‌ ഒന്നും ഇല്ല.ശെരിയായ വഴിയൊന്നും ഇല്ല ഇതിലൂടെ . കാട് പിടിച്ചു കിടക്കുന്ന സ്റെപ്സ്‌ . അവയെല്ലാം വകഞ്ഞു മാറ്റി മുകളിലേക്ക് കയറാന്‍ തുടങ്ങി . എത്ര കയറിയിട്ടും മുകളില്‍ എത്തുന്നില്ല . മടുത്തു തുടങ്ങി . എങ്കിലും ഒരാവേശത്തിന്റെ പുറത്തു വേഗത്തില്‍ മുകളിലോട്ടു നടക്കാന്‍ തുടങ്ങി . എത്ര കയറിയിട്ടും മുകളില്‍ എത്താത്ത പോലെ . നന്നായി കിതച്ചു തുടങ്ങിയിരിക്കുന്നു . ഇനിയുമുണ്ട് നേരത്തെ വന്നിടത്തോളം മുകളിലേക്ക് . സ്വല്പ്പ നേരം നിന്നു . എങ്കിലും എല്ലാവരുടെയും മുഖത്ത് ആവേശത്തിന് കുറവൊന്നും ഇല്ല . വീണ്ടും കയറാന്‍ തുടങ്ങി . ഇപ്പോള്‍ നേരത്തെ പോലെ അല്ല .പടവുകള്‍ പണിതിട്ടുണ്ട് . വീണ്ടും കയറി തുടങ്ങി . കണ്ണെത്താവുന്ന ദൂരമേ മുകളില്‍ എത്താന്‍ ഉള്ളു എങ്കിലും കുത്തനെ ഉള്ള കയറ്റമായത്കൊണ്ട് സമയം എടുക്കുന്നു മുകളില്‍ എത്താന്‍ .ഏതാണ്ട് മുകളില്‍ എതാരായി . കുറച്ചു കൂടി കയറിയാല്‍ മതിയല്ലോ എന്ന് വിചാരിച്ചു വീണ്ടും കയറി തുടങ്ങി . മുകളില്‍ എത്തി . അവിടെ നിന്ന് തിരിഞ്ഞു നോക്കിയപ്പോളാണ് ഞങ്ങള്‍ കയറിയ ദൂരം എത്രയാണെന്ന് മനസിലായത് . ഞെട്ടി . എത്രയും ദൂരം ഉണ്ട് എന്ന് മുകളിലോട്ടു കയറാന്‍ തുടങ്ങിയപ്പോ തോന്നിയിരുന്നില്ല . അങ്ങനെയാനെ ഈ പണിക്കു നില്‍ക്കതില്ലയിരുന്നു . എന്തായാലും നിങ്ങളും ഒന്ന് കണ്ടു നോക്ക് ഞങ്ങള്‍ കയറി വന്ന ദൂരം എത്രയാണെന്ന് . പക്ഷെ ശെരിക്കും ഞെട്ടിയത് അപ്പുറത്തെ വശത്തേക്ക് നോക്കിയപ്പോളാണ് . നിങ്ങള്‍ ആരെങ്കിലും ഡാം വളരെ വെള്ളം കുറവായി ഏതാണ്ട് വറ്റിച്ച പോലെ ഉള്ള ഒരു അവസ്ഥയില്‍ കണ്ടിട്ടുണ്ടോ . അതൊരു വല്ലാത്ത കാഴ്ച തന്നെയാണ് . ഒരു ചെറിയ ഭയം ഉണ്ടാക്കുന്ന ഒരു അവസ്ഥ . വെള്ളം ഉള്ളപ്പോള്‍ നമുക്ക് അതിന്റെ ആഴം കാണാന്‍ പറ്റില്ലല്ലോ . പക്ഷെ ഇവിടെ അതിന്റെ ബീമാകാരത്വം ഇപ്പോളാണ് കൂടുതല്‍ വ്യക്തമാകുന്നത് . താഴോട്ടു കുറച്ചു ദൂരം ഞങ്ങള്‍ ഇറങ്ങി . താഴെ കാണുന്ന ആ കുറച്ചു വെള്ളം പോലും നല്ല ആഴം ഉണ്ടാകണം . ഫോട്ടോ ഒക്കെ എടുത്തു കുറച്ചു നേരം കൂടി അവിടെ നിന്നു . വന്ന്യമായ സൌന്തര്യം എന്ന ഗണത്തില്‍ ഒരു പക്ഷെ നമുക്ക് ഈ കാഴ്ചകളും ഉള്‍പ്പെടുത്താം എനിക്ക് തോന്നുന്നു .

തിരിച്ചു വന്ന ദൂരം ഞങ്ങള്‍ താഴോട്ടു ഇറങ്ങാന്‍ തുടങ്ങി . നേരത്തെ പറഞ്ഞത് പോലെ ഇനി വാല്പ്പരയ്ക്ക് ഒരു അര മണിക്കൂര്‍ കൂടി മതിയാകും . എന്തായാലും യാത്ര തുടരുന്നു . ഇവിടെ വീടുകള്‍ എല്ലാം അടുതടുതാണ് . നീലയും മഞ്ഞയും ചുവപ്പ്പും ഒക്കെ കളര്‍ അടിച്ച വീടുകള്‍ . വീടുകളും ചിന്താ ഗതികളും തമ്മില്‍ വളരെ ബന്തമുണ്ട് എന്നാണു . ഇവരുടെയും അങ്ങനെ തന്നെ ആവണം . ഒറ്റപ്പെട്ട വീടുകളില്‍ ഉള്ളവരുടെയും അടുത്തടുത് വീടുല്ലവരുടെയും ചിന്താഗതി തമ്മില്‍ വളരെ അതികം വ്യത്യാസം ഉണ്ടായിരിക്കണം . അതൊക്കെ വല്യ വല്യ കാര്യങ്ങള്‍ അതിനെ കുറിച്ചുള്ള പഠനം നമുക്ക് പിന്നീട് ഒരിക്കല്‍ നടത്താം . വാല്പ്പരയിലെക്ക് ആളുകളെ നിറച്ചു പോകുന്ന ഒരു ബസ്‌ ഞങ്ങളെ കടന്നു പൊയ് . ബസ്‌ നു മുകളിലും സൈഡിലും ഒക്കെ ആയി ഒരുപാട് സാദനങ്ങള്‍ തൂങ്ങി കിടക്കുന്നു . അങ്ങനെ കാര്യമായ എന്നല്ല ട്രാഫിക് ഇവിടെ വളരെ കുറവാണ് . ഞായറാഴ്ച ആയതു കൊണ്ട് കൂടി ആവാം . ഒരു ചെറിയ ടൌണ്‍ ന്റെ ലക്ഷണങ്ങള്‍ ഒക്കെ കണ്ടു തുടങ്ങി . അത്യാവശ്യം ആളുകള്‍ വഴിയില്‍ കൂടി ഉണ്ട് ഇപ്പോള്‍ . കുന്നിന്‍ മുകളില്‍ ആയി ഒരു ടൌണ്‍ കാണുന്നുണ്ട് . അത്യാവശ്യം തിരക്ക് ഒക്കെ ഉണ്ട് .സമയം പന്ത്രണ്ടാകുന്നു . നന്നായി വിശക്കുന്നു . ഇനി എന്തെങ്കിലും കഴിച്ചിട്ടല്ലാതെ ഒരടി മുന്നോട്ടില്ല . ഒരു നല്ല ഹോട്ടെല്‍ തപ്പി പിടിച്ചു . ഇനി എഴുത്തിനു സ്വല്‍പ്പം വിശ്രമം . കഴിക്കുമ്പോള്‍ വേറെ ഒന്നും ചിന്തിക്കരുത് എന്നാണ് . കയ്യും മെയ്യും മറന്നുള്ള അഭ്യാസമല്ലേ .അതുകൊണ്ട് ഞാന്‍ ഇപ്പൊ വരാം . ഒരു ചെറിയ ലഞ്ച് ബ്രേക്ക്‌ .


അപ്പ്പോള്‍ പറഞ്ഞു വന്നതും വാല്പ്പരയെ കുറിച്ചാണ് . ഇതൊരു വല്യ ടൌണ്‍ ഒന്നുമല്ല . പക്ഷെ അത്യാവശ്യം സൌകര്യങ്ങള്‍ ഉണ്ട് താനും . വല്യ കെട്ടിടങ്ങള്‍ ഒന്നും തന്നെ ഇവിടെ കാണാനില്ല .അത്യാവശ്യം വലിയ കടകളും കാണാം . വഴി വാണിഭക്കാര്‍ ഒരുപാടുണ്ട് . അതില്‍ പൂക്കച്ചവടവും ഉള്‍പ്പെടുന്നു . സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എല്ലാവരും ഫാമിലി ആയി തന്നെയാണ് ഇറങ്ങിയിരിക്കുന്നത് . മുകളിലോട്ടും താഴോട്ടും എല്ലാം ആയി ഒരുപാടി ചെറിയ റോഡുകള്‍ പോകുന്നുണ്ട് .ഒരു പള്ളിയുണ്ട് , ഞങ്ങള്‍ ചെല്ലുന്ന സമയത്ത് അവിടെ കുര്‍ബാന കഴിഞ്ഞു ആളുകള്‍ ഇറങ്ങി നടക്കുന്നുണ്ട്ടായിരുന്നു . ഇവിടെ വേദപാഠം ക്ലാസ് ഒന്നുമില്ല എന്ന് തോന്നുന്നു :).കുറച്ചു നേരം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറി . ഇവിടുത്തെ ജ്യുസ് കിട്ടുന്ന കടകള്‍ വല്ലതും ഉണ്ടാകുമോ എന്തോ .ഞാന്‍ ഇപ്പൊ വരാം .


ഇവിടെ നിന്ന് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പോകാം . പക്ഷെ എല്ലായിടത്തും പറ്റില്ല . ഒരു ഒറ്റ ദിവസത്തെ പ്ലാന്‍ മാത്രമാണ് ഇപ്പോളുള്ളത് . പോകാനുള്ള സ്ഥലങ്ങള്‍ അറിയാമെങ്കിലും ഒരു വഴിക്കുള്ള സ്ഥലങ്ങളിലേക്ക് പോകാം എന്ന് തീരമാനിച്ചു . അതിനു മുന്പ് ഇവിടെ അടുത്ത് ഒരു പ്രസിദ്ധമായ ക്ഷേത്രമുണ്ട് . അവിടെ പോകണം . അതിനുള്ള വഴി ചോദിച്ചു . അത് ഇവിടെ നിന്ന് മുകളിലേക്ക് ഇനിയും പോകണം എന്ന് ഒരാള്‍ പറഞ്ഞു . കുത്തനെ കയറ്റമാണ് അങ്ങോട്ട്‌ . പക്ഷെ പോകുന്ന വഴി കണ്ടപ്പോള്‍ അയാള്‍ പറഞ്ഞതിലും കൂടുതലാണ് കയറ്റം . ദൂരം പക്ഷെ കുറവാണ് . ഒടുവില്‍ അവിടെ എത്തി . പക്ഷെ ഗേറ്റ് കടത്തി വിടുന്നില്ല . കുറച്ചു സമയം കൂടി കഴിയണം അത്രെ സന്ദര്സകര്‍ക്ക് അനുമതി തരാന്‍ . അവിടെ എന്തായാലും കുറച്ചു നേരം ചുറ്റി കറങ്ങി തിരിച്ചു പോകാന്‍ തീരുമാനിച്ചു .ഈ സ്ഥലം വളരെ ഉയരത്തിലാണ് . ഇവിടെ നിന്നാല്‍ ഒരുമാതിരിപ്പെട്ട മലകള്‍ എല്ലാം തന്നെ കാണാം . എല്ലാ മലകളിലും തേയില വച്ച് പിടിപ്പിച്ചിരിക്കുന്നു. . അതിനിടയില്‍ കൂടി ഒറ്റത്തടിയായി വളരുന്ന ഒരു തരം മരവും. .സമയം അതികമില്ല . ഇനിയുമുണ്ടല്ലോ സ്ഥലങ്ങള്‍ കാണാന്‍ . ആ ക്ഷേത്രം കാണാതെ പോകുന്നത് നഷ്ടം തന്നെ ആണ് എങ്കിലും ..

വണ്ടി തിരികെ വിട്ടു ഇറങ്ങി വരുമ്പോള്‍ ചില രസകരമായ വണ്ടികള്‍ കണ്ടു . എന്തായാലും മൊത്തത്തില്‍ ഇവിടുത്തെ സെറ്റ് അപ്പ്‌ കൊള്ളാം എന്താ പ്രകൃതി ഭംഗി . തിരികെ വാല്പ്പര എത്തി . അന്വേഷിച്ചപ്പോള്‍ ഒരു മാതിരിപ്പെട്ട വെള്ളചാട്ടങ്ങളില്‍ ഒന്നും തന്നെ വെള്ളമില്ല . എങ്ങനെ ഉണ്ടാവാന , ആഗോള താപനം, ഓസോണ്‍ പാളി ,അമേരിക്കന്‍ സെനറ്റ് .. അങ്ങനെ കിടക്കുകയല്ലേ സംഗതികള്‍ . തിരികെ വാല്പ്പാര
എത്തി . ഇനി മങ്കി ഫാള്‍സ് ഉണ്ട് പിന്നെ ആളിയാര്‍ ഡാമും . രണ്ടും പൊള്ളാച്ചി പോകുന്ന വഴിയാണ് . അത് കൊണ്ട് തന്നെ ആ രണ്ടു സ്ഥലങ്ങളും പോകാം ന്നു തീരുമാനിച്ചു .മടക്കയാത്ര ആണെന്ന് തന്നെ പറയാം ഇനി . സ്ഥലങ്ങള്‍ പൊയ് ഇരിക്കുന്നതിനേക്കാള്‍ ഈ യാത്ര തന്നെ ആണ് രസം . നേരത്തെ ഞാന്‍ പറഞ്ഞ തടാകത്തിന്റെ ഭംഗി ഞാന്‍ എത്ര പറഞ്ഞാലും നിങ്ങള്ക്ക് മനസിലാവില്ല അതുപോലെ തന്നെ ആണ് ഓരോ കാഴ്ചകളും . ശെരിക്കും നമ്മള്‍ വെസ്റ്റേണ്‍ ഘാട്സ് ന്റെ ഒരു സൈഡില്‍ കൂടി ആണ് കയറി വന്നത് . ഇനി തമിള്‍ നാടിന്റെ സൈഡില്‍ ലേക്ക് ഇറങ്ങുന്നു . ആ ഭാഗത്താണ് ആളിയാര്‍ ഡാം .


ഇനി നാല്‍പ്പതു ഹെയര്‍ പിന്‍ വളവുകലുണ്ട് താഴേക്കു . ചുരം ഇറങ്ങാന്‍ തുടങ്ങുമ്പോ തന്നെ നമുക്ക് കാണാം നമ്മള്‍ ഇറങ്ങാന്‍ പോകുന്ന സ്ഥലത്തിന്റെ വലുപ്പം . കണ്ടില്ലേ ഇവിടെ നിന്ന് ഇങ്ങനെ നോക്കല്‍ തന്നെ രസമാണ് . ഞാന്‍ പറഞ്ഞിരുന്നില്ലേ ഈ യാത്ര തന്നെയാണ് രസം . ഇന്ന സ്ഥലം എന്നില്ല . അങ്ങനെ പോകുന്ന ഒരു യാത്ര .. അതാണ്‌ അതിന്റെ രസം . നല്ല മനോഹരമായ റോഡ്‌ . നല്ല മിനുക്കി വച്ചിരിക്കുന്ന റോഡ്‌ . വളവുകള്‍ ആണെങ്കിലും
സാമാന്യം നല്ല വേഗതയില്‍ തന്നെ ആണ് പോകുന്നു . നല്ല വെയില്‍ ഉണ്ടെങ്കിലും ചൂട് കുറവാണ് ഇപ്പൊ .ഇവിടെ നിന്ന് നോക്കിയാല്‍ ഒരു പ്രദേശം മുഴുവനും കാണാം . പ്രദേശം അല്ല ഒരു ജില്ല തന്നെ എന്ന് പറയുന്നശെരി . അത്ര വിസ്താരമുള്ള
കാഴ്ചയാണ് ഇവിടെ നിന്ന് . ഇനി അടുത്തത് ലൂംസ് വ്യൂ എന്ന ഒരു പോയിന്റ്‌ ആണ് .. അവിടെ നിന്നു ആളിയാര്‍ ഡാം മുഴുവനും കാണാം വളരെ വലുതാണ്‌ ഇത് . വളരെ വളരെ വലുത് .ഇപ്പൊ ചൂട് കൂടി വരുന്നുണ്ട് , എന്തോ ഒരു അസ്വസ്ഥത പോലെ .. ഒരു ലയിം ജ്യുസ് കുടിക്കാന്‍ വല്ല വഴിയുമുണ്ടോ ആവോ . അതിനപ്പോ ലയിം ജ്യുസ് എവിടെ കിട്ടാനാ .. പക്ഷെ ഈ ചൂടിനു ബെസ്റ്റ് ഓരോ ഗ്ലാസ്‌ ബിയരാ . എന്നാപിന്നെ നമുക്ക് ഓരോ ബിയരങ്ങു കാച്ചിയാലോ ; കാച്ചാം . അതിനു ബീരെവിടെ ; വണ്ടിയേല് . എന്ന വാ . ഇനി പക്ഷെ ഇതൊന്നു കമ്പയില്‍ ചെയാനുള്ള സ്ഥലം വേണം . കുറച്ചു കൂടി മുന്നോട്ടു പോകാം എന്നായി എല്ലാരും . അടുത്ത്  വഴി അരികില്‍ ഒരു അരുവി ഒഴുകുന്നത്‌ പോലത്തെ ഒരു സ്ഥലം കണ്ടു . അത് മലയുടെ ഒരു താഴോട്ടു ഒഴുകുകയാണ് . അവിടെ തന്നെ ഇറങ്ങാന്‍ തീര്നുമാനിച്ചു . സ്ഥലം കൊള്ളാം . റോഡിനു മുകളില്‍ ആയി അരുവിയുടെ അടുത്ത് തന്നെ രണ്ടു ഓല മേഞ്ഞ ഓപ്പണ്‍ കുടിലുകള്‍ കണ്ടു . അടുത്ത് തന്നെ നമുക്ക് കയറി ഇരിക്കാന്‍ പാകത്തില്‍ ഒരു ചെറിയ മരവും . സ്ഥലം മോശമില്ല . "നിങ്ങള്‍ എന്റെ പുറകെ വരൂ ഞാന്‍ നിങ്ങളെ ഒറ്റ കണ്ണനെ പിടിക്കുന്നവരാക്കാം" എംസി പറഞ്ഞു ഞങ്ങള്‍ അവന്റെ പുറകെ വരി വരിയായി നീങ്ങി . എന്നാപ്പിന്നെ തുടങ്ങുവല്ലേ .ചൂടിനു എന്തൊരു ആശ്വാസം . ക്ഷീണം മാറി .ഇവിടെ കുറച്ചു നേരം കൂടി ഇരിക്കാന്‍ എന്ന് വിചാരിച്ചു . കുടിലുകള്‍ക്ക് ഉള്ളില്‍ മരത്തിന്റെ തടി തന്നെ ആണ് ഇരിക്കാനും വച്ചിരിക്കുന്നത് . വട്ടത്തില്‍ മുറിച്ചു വച്ചിരിക്കുന്നു . ഇപ്പോള്‍ ഈ പ്രദേശത്ത് ചെറിയൊരു തണുപ്പും ഉള്ളത് പോലെ . ഇനി ഇവിടെ നിന്നു വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കാണ് . അതിക ദൂരമുണ്ടാവില്ല .


ഈ സ്ഥലത്തുള്ള മരങ്ങള്‍ക്കൊക്കെ ഒരു പ്രത്യേകത ഉണ്ട് .ചെറിയ ചെറിയ ഇലകളാണ് . വളരെ ചെറിയ ഇലകള്‍ .വല്യ മരങ്ങളും ചെറിയ ഇലകളും . എന്തായാലും സ്ഥലം എത്തി. പക്ഷെ ഇവിടെ ആരെയും കാണാനില്ല എന്തായാലും ഇറങ്ങുക തന്നെ . നേരെ ഉള്ള ഗേറ്റ് അടച്ചിട്ടുണ്ട് പക്ഷെ അവിടെ കുറച്ചു പേര്‍ കുളിക്കുന്നുമുന്ദ് . കയറി കുളിക്കുക തന്നെ . നല്ലൊരു കുളി പാസാക്കി ഇറങ്ങി വരുമ്പോള്‍, ധാ നില്‍ക്കുന്നു രണ്ടു പോലീസുകാര്‍ . അവര്‍ അവിടെ ഉള്ളവരെ എല്ലാം വിരട്ടി ഓടിക്കുന്നു .. എന്താണാവോ പ്രശ്നം.. ഞങ്ങളെ അവിടേക്ക് വിളിപ്പിച്ചു .. ഞങ്ങള്‍ അവിടെ കയറി കുളിക്കാന്‍ പാടില്ലായിരുന്നു അത്രെ .. പ്രശ്നം മൊത്തത്തില്‍ പ്രശ്നം .കേരളത്തില്‍ നിന്നു ആണെന്ന് അറിഞ്ഞതോടെ അവര്‍ ഉഷാറായി . അവിടെ കയറിയത് കൊണ്ട് ഞങ്ങളെ കേസ് ഇല്‍ കുടുക്കും അത്രെ .. ചന്ദനത്തടി കടത്തി എന്ന് പറഞ്ഞു . എന്ത് കടത്തി എന്ന് ; ചന്ദനം കടത്തി എന്ന .. ആണ്ടവാ . രിജോയിയുടെ രോദനം അവിടെ മുഴങ്ങി . അതിന്റെ മാറ്റൊലി ഉയര്‍ന്നു പൊങ്ങി അവിടെ ഏറ്റവും ഉയരമുള്ള മരത്തിന്റെ ചില്ലകളെ ആകെ ഉലച്ചു . ആ മരത്തിന്റെ എക്സിക്യൂട്ടീവ് ചില്ലയില്‍ ഇരിക്കുകയായിരുന്നു ഒരു ഇരട്ടവാലന്‍ കിളി അവിടെ നിന്നു പറന്നു പൊങ്ങി . അതിന്റെ ചിറകുകള്‍ തട്ടി ആ ചില്ലയുടെ പഴുക്കാത്ത ഒരു ഇലയില്‍ ഉണ്ടായിരുന്ന ജലകണം താഴേക്കു പതിച്ചു വണ്ടിയുടെ ബോണറ്റില്‍ വീണു . അതിന്റെ ശബ്ദം ആ പോലീസുകാരന് അത്യന്തം അസഹ്യമായി തോന്നി . അയാള്‍ തന്റെ ലാത്തി എടുത്തു ചുഴട്ടാന്‍ തുടങ്ങി .അതിന്റെ മൂളല്‍ ശബ്ദത്തോടൊപ്പം അയാള്‍ വളര്‍ന്നു വളര്‍ന്നു ഒരു സത്വത്തിന്റെ രൂപം പ്രാപിക്കുന്നതായി രിജോയിക്ക് തോന്നി."പോയി കയിമീന്നു പൊയ് " .അവന്‍ കണ്ണുകള്‍ മുറുക്കി അടച്ചു . മുഖം പൊത്തി പിടിച്ചു .

അവരുടെ ഡ്യൂട്ടി അവര്‍ പാലിക്കാത്തത് കൊണ്ട് ഞങ്ങളെ കേസ് ഇല്‍ കുടുക്കും എന്ന് .. ഡ്യൂട്ടി സമയത്ത് വേറെ ഇടപാടിനു പോയത്പോര പഴി മുഴുവന്‍ ഞങ്ങള്‍ക്കും .. അടുത്ത ചെക്ക്‌ പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയണം എന്ന് പറഞ്ഞു ഞങ്ങളെ വിട്ടു .കര്‍ത്താവേ കുടുങ്ങിയോ. " വരുന്നിടത്ത് വച്ച് കാണാട " മാര്‍ടിന്‍ പറഞ്ഞു . എന്ന അവിടെ വച്ച് തന്നെ കാണാം എന്ന് പറഞ്ഞു വണ്ടി വിട്ടു.'സെര്‍വറിന് ഉള്ളത് സെര്‍വരിനും ക്ല്ളയിന്റിനുള്ളത് ക്ളയിന്റിനും. അടുത്ത ഡീബഗ്ഗിനു ക്ളാസ് ഫങ്ങ്ഷന്‍ വിളിക്കുമ്പോ രണ്ടു വേരിയബിള്‍ കൂടി പാസ് ചെയ്തെക്കാമേ എന്റെ ദേവി '. മാര്‍ടിന്‍ പുറത്തെക്ക് നോക്കി പിറുപിരുക്കുന്നതായി എനിക്ക് തോന്നി , ഹ.. ഹ.. എനിക്ക് ചിരിവന്നു . 'എന്താടാ ചിരിക്കുന്നത് ' എംസി ചോദിച്ചു.'എന്നാ പാസ് ചെയ്തൊട്ടെ അതിനെന്താ ..' .' എന്ത് പാസ് ചെയ്തോട്ടേ എന്ന് ' .ഹേ ഒന്നുമില്ല ഞാന്‍ പറഞ്ഞു . .ഈ തമിഴതാന്മ്മാരെ കൊണ്ട് ഒരു രക്ഷ്യുമില്ലല്ലോ . മുല്ലപ്പെരിയാര്‍ ഡാം പൊളിക്കണം അതിപ്പോ പൊളിഞ്ഞു താഴെ വീഴും എന്ന് പറയുമ്പോ അരീം പച്ചക്കറീം തരില്ല എന്ന് പറഞ്ഞു കോക്കിരി കാട്ടുന്നവന്മ്മരോട് എന്ത് പറയാനാ. ലോകതെങ്ങുമില്ലാത്ത പാട്ടക്കരാരും ബലത്തിന് . ഉണ്ടായിരുന്ന വയലും തെങ്ങിന്‍ തോപ്പും ഒക്കെ വെട്ടി നശിപ്പിച്ചു റബ്ബര് വച്ചപ്പോ മുല്ലപ്പെരിയാര്‍ ഡാം എന്നൊരു മാരണം ഉണ്ടെന്നും നമ്മുക്ക് രാവിലെ മാമം ഉണ്ണാന്‍ അതിലെ വെള്ളം തമിള്‍ നാട്ടില്‍ പോയി അവിടുത്തെ പാണ്ടി ലോറി ദിവസവും ഇങ്ങോട്ട് വരണം എന്നുമുള്ള അടിഥാന ദിവസ സിദ്ധാന്തം മറന്നു പൊയ് . എന്നാപ്പിന്നെ രണ്ടെണ്ണം കൊടുക്കാന്‍ അങ്ങോട്ട്‌ ചെല്ലാം ന്നു വിചാരിച്ചാല്‍ അതിര്‍ത്തി കഴിഞ്ഞു തിരിച്ചു വരും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം പോയാല്‍ മതി എന്ന മട്ടിലാ പാര്‍ടിയുടെ പ്രഗ്യാപിത നയം .
അത് മാത്രമോ ഇവിടുത്തെ നമ്മുടെ ലോക്കല്‍ ഗുണ്ടകളുടെ കയില്‍ കാണുന്ന തരം പിച്ചാത്തി കൊണ്ടല്ല അവരുടെ കളിയത്രേ .ഒരു മീറ്റര്‍ നീളമുള്ള കൊടുവാള്‍ പോലുള്ള ഒരു ആയുധം എല്ലാവരുടെയും കയില്‍ എപ്പോളും ഉണ്ടാകും . അതെടുത്തു ഒന്ന് വീശിയാല്‍ അമ്പതു തവണ വീശിയമാതിരിയാനെന്ന കേള്‍വി . പിന്നെ ഇവിടുത്തെ മാതിരി ഒരു മണിക്കൂര്‍ വരുന്ന കാണാപ്പാടം പഠിച്ച ടയലൊകു കഴിഞ്ഞല്ല അടി. അവിടെ ആദ്യം അടി പിന്നെ പേച് അപ്പിടി താന്‍.ചെക്ക്‌ പോസ്റ്റ്‌ എത്തി അവര്‍ വണ്ടി നമ്പര്‍ കൊടുത്തിട്ടുണ്ടാകും .. തീര്ര്‍ന്നു എല്ലാം തീര്‍ന്നു . ഇനി കേസ് . പിന്നെ കാശ് . എത്ര ചിലവാകുമോ എന്തോ . മുന്നിലുള്ള വണ്ടിയെ കടത്തി വിട്ടു .. ഞങ്ങള്‍ എത്തിയപ്പോ പോസ്റ്റ്‌ അടച്ചു .. ഗാര്‍ഡ് അടുത്ത് വന്നു ഓടിക്കുന്ന ആളോട് അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു .. പക്ഷെ പെട്ടന്ന് തന്നെ തിരികെ വന്നു .. ചോദിച്ചു എന്താ അങ്ങോട്ട്‌ പോകണ്ടേ ..ഛെ ഒന്നുമില്ല കേരള വണ്ടി ആയതു കൊണ്ട് നമ്പര്‍ എഴുതാന്‍ വിളിപ്പിച്ചതാ . ശോ . പോസ്റ്റ്‌ തുറന്നു കിട്ടി .പിടികിട്ടാപ്പുള്ളികള്‍ ആയ ചന്ദന്നക്കൊള്ളക്കാര്‍ യാതൊരു കുഴപ്പവും കൂടാതെ ഗേറ്റ് കടന്നു .വണ്ടി ചവിട്ടി വിട്ടു . ഇനി ആളിയാര്‍ ഡാം വരെ അതിക ദൂരമില്ല . നിരപ്പായ പ്രദേശം തുടങ്ങി . ഇനി കുറച്ചു ദൂരം കൂടി മാത്രം .. എന്തായാലും വാഹനങ്ങള്‍ ഒക്കെ അതികമായി വന്നു തുടങ്ങി .. അടുത്ത് തന്നെ കുറെ വണ്ടികള്‍ കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു .. ഇത് തന്നെ സ്ഥലം .

ഡാം എത്തുന്നതിനു മുന്പ് അതായത് ഒരു പത്തു മിനിട്ട് മുന്പ് നമുക്ക് വെള്ളം ഉള്ള സ്ഥലത്തേക്ക് ഇറങ്ങാം .. മുകളില്‍ നിന്ന് നോക്കുമ്പോ ഈ സ്ഥലം മുഴുവനും പുല്‍ പ്രദേശം ആണ് .. പക്ഷെ അവിടെ എത്തുമ്പോ ,അവിടേക്ക് ഇറങ്ങുമ്പോ . ഒരു അര അടി കനത്തില്‍ ചെളിയാണ് . ഞാന്‍ ഇറങ്ങി നടന്നു . രണ്ടു ഫോട്ടോ എടുക്കാമല്ലോ എന്ന് വിചാരിച്ചു . അവരെല്ലാം മറ്റു സ്ഥലത്തേക്ക് നടന്നു . എന്റെ മൊബയില്‍ ന്റെ ചാര്‍ജ് ഏതാണ്ട് തീര്‍ന്ന മട്ടാണ് . എങ്കിലും നടന്നു.ഇപ്പോള്‍ ഞാന്‍ ശെരിക്കും ഡാമിന്റെ ഉള്ളില്‍ ആണ് . അതായത് വെള്ളമുള്ള ഭാഗത്ത് . വെള്ളത്തിന്റെ അടുത്ത് . രണ്ടോ മൂന്നോ ഫോട്ടോ എടുത്തു . ഇനിയും കുറച്ചു കൂടി ഈ വെള്ളത്തിന്റെ അടുത്ത് കൂടി, പുല്ലില്‍ കൂടി നടന്നാല്‍ ഇനിയും മനോഹരമായ ഒരു ഫ്രെയിം കിട്ടും എന്ന് ഉറപ്പായി ,ഡാമിന്റെ ഉള്ളില്‍ നിന്നു ഉള്ള ഒരു ഫ്രെയിം പോലെ . രണ്ടു മൂന്നു വല്യ മരങ്ങളും അവിടെ ഉണ്ട് . അവസാനം ഞാന്‍ ഒരു നൂറു മീറ്ററോളം നടന്നു ചെളിയിലൂടെ . മുഴുവനും ചെളി . ചെരുപ്പ് ഫുള്‍ ചെളിയായി . അവസാനം അവിടെത്തി . ഞാന്‍ കാം ഓണാക്കി ക്ലിക്ക് ചെയ്തു അപ്പൊ തന്നെ അത് ഓഫ്‌ ആയി പൊയ് . കിട്ടിയില്ല . വളരെ മനോഹരമായിരുന്നു അവിടുത്തെ കാഴ്ച . പക്ഷെ എനിക്ക് അത് പകര്‍ത്താന്‍ പറ്റിയില്ല .നിങ്ങള്ക്ക് മനസിലാകുമോ എന്തോ . ഒരു പക്ഷെ എന്റെ ഏറ്റവും നല്ല ഒരു ഫ്രെയിം എനിക്ക് കിട്ടിയേനെ .പക്ഷെ നടന്നില്ല .മറ്റു കാം എടുത്തു വരാന്‍ പറയാന്‍ പറ്റാത്ത അത്ര ദൂരത്തിലാണ് അവരെല്ലാം .ഏറ്റവും നല്ല ഫ്രെയിം എടുക്കാന്‍ പറ്റിയാല്‍ പിന്നെ തീര്‍ന്നില്ലേ .അങ്ങനെ വിചാരിച്ചു . കൂടുതല്‍ നല്ലൊരു ഫോട്ടോ എടുക്കാന്‍ ഉള്ള ശ്രമം തുടരുക എന്നത് തന്നെയാണ് മുന്നോട്ടു പോകുതോറും എപ്പോളും ഉണ്ടാകേണ്ടത് . ജീവിതവും അങ്ങനെ തന്നെ ആണ് . മുന്നോട്ടുള്ള ഓരോ നിമിഷവും കൂടുതല്‍ നല്ലത് പോലെ, കൂടുതല്‍ നന്നായി ,കൂടുതല്‍ മിഴിവോടെ തീര്‍ച്ചയായും അങ്ങനെ തന്നെ . പൂര്നതയിലെക്കുള്ള ഫ്രെയ്മുകള്‍ . ഞാന്‍ ആ ചെളിയിലൂടെ തന്നെ തിരികെ നടന്നു .


തിരികെ കയറി മുന്നോട്ടു ഡാമിന്റെ മുന്‍ വശത്തേക്ക് വണ്ടി വിട്ടു .ഡാമിന് മുന്നില്‍ ഒരു പാര്‍ക്ക്‌ ആണ് . അവിടെ ഒരുപാട് ആള്‍ക്കാര്‍ ഉണ്ട് . സണ്‍‌ഡേ അല്ലെ . കുടുംബം . കുട്ടികള്‍ . ഇവരൊക്കെ ആണ് കൂടുതലും . ഈ ഡാം നു ഒരു പ്രതെകത ഉണ്ട് . എന്താണെന്ന് മറന്നു പൊയ് . ഓര്‍ക്കുമ്പോ പറയാം . സ്റെപ് കയറി ഡാമിന് മുകളില്‍ എത്തി . ഈ ഡാം പല സിനിമകളിലും ഷൂട്ടിംഗ് ലൊക്കേഷന്‍ ആയി ഉപയോഗിച്ചിട്ടുണ്ട് . ഇവിടെ നിന്ന് നോക്കുമ്പോ ഒരു സൈഡില്‍ ഉള്ള വെസ്റ്റേണ്‍ ഘാട്സ് ഏതാണ്ട് ഒരു വല്യ ഏരിയ തന്നെ കാണാം . അതിന്റെ ഒരു ബീമാകാരത്വം വിവരിക്കാന്‍ പ്രയാസമാണ് . ഞങ്ങള്‍ അതിലൂടെ നടന്നു കുറെ. . വേറെ കാം ഇല്‍ കുറെ ഫോട്ടോയും എടുത്തു. വൈകുന്നേരം ഇങ്ങനെ നടക്കാന്‍ നല്ല രസം തന്നെ ആണ് .സമയം സ്ന്ദ്യ ആകുന്നു .. അവിടെ നിന്നും ഇറങ്ങി പതിയെ തിരികെ വണ്ടിയില്‍ എത്തി .



യാത്രകള്‍ തീര്‍ച്ചയായും ഒരു അനുഭവം തന്നെ ആണ് .ഓരോ യാത്രകളും ഓരോ അനുഭവങ്ങള്‍ .. കൂടുതല്‍ സ്ഥലങ്ങള്‍ കൂടുതല്‍ ആളുകള്‍ . കൂടുതല്‍ മുഖങ്ങള്‍ ,എല്ലാം പുതിയത് . ഓരോ മുഖങ്ങളും വ്യത്യസ്തം . ഓരോ യാട്രകളിലൂടെയും എനിക്ക് തോന്നുന്നു നമ്മുടെ നാടിനോട്അടുപ്പം കൂടി വരുമെന്ന് . അത്ര മനോഹരം തന്നെ ആണ് നമ്മുടെ നാട് . ഡാമിന്റെ മുകളിലില്‍ നിന്ന് പശ്ചിമ ഘട്ടം കാണുമ്പോള്‍ ഉണ്ടാകുന്നഅവസ്ഥ വര്നനാതീതമാണ് . nഅമ്മലെ ഒരു പ്രത്യേക അവസ്ഥയിലേക്ക് കൊണ്ട് പോകാന്‍ അതിനു കഴിയും . ഞാന്‍ വിശ്വസിക്കുന്നു നിങ്ങള്‍ക്കും അത് പോലെ തന്നെ ആകുമെന്ന് .സമയം വൈകി . എല്ലാവരും തിരികെ പോകാനുള്ള ഒരുക്കത്തിലാണ് .. എല്ലാവര്ക്കുതിരികെ വീട്ടില്‍ എത്താനുള്ള തിടുക്കം. ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു . ഇനി പൊള്ളാച്ചി എത്തുന്നതിനു മുന്പ് ഞങ്ങള്‍ക്ക് തിരിയണം . കൊല്ലങ്ങോട്ടു , വടക്കാഞ്ചേരി വഴി തിരികെ മടക്കം . അവിടെ നിന്ന് തൃശൂര്‍ വഴി എറണാകുളം . ഇനിയും ഒരുപാട് ദൂരം ഉണ്ട് തിരികെ .


സന്ധ്യക്ക്‌ കറുപ്പ് കൂടി വരുന്നു . തമിള്‍ നാടിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കൂടി ആണ് ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് . ഇപ്പോളും വികസനം എന്ന് നമ്മള്‍ കരുതുന്ന അതല്ലെങ്കില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി നമ്മളില്‍ ഫീഡ് ചെയ്ത് ഉറപ്പിച്ചിരിക്കുന്ന ആ ഒരു തരം വികസനം എത്തിപ്പെടാത്ത തനി ഉള്‍നാടന്‍ ഗ്രാമങ്ങള്‍ . കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന പാടങ്ങള്‍. ചെറിയ ചെറിയ വീടുകള്‍ . അതില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ബള്‍ബുകള്‍ കത്തി കിടക്കുന്നു . റോഡിലൂടെ കച്ചിയും ചാക്കുകളും ഒക്കെ വച്ച് കൊണ്ട് പോകുന്ന കാള വണ്ടികളും കാണാം ഒരുപാട് . പിന്നെ ധാരാളം ഈന്തപ്പനകളും . തമിള്‍ നാട് ബോര്ടെര്‍ ഏതാണ്ട് കഴിഞ്ഞു എന്ന് തോന്നുന്നു . ഇതിലൂടെ പോകുമ്പോ എനിക്ക് ഖസാഖും ചെതലി മലയും ഒക്കെയാണ് ഓര്മ വരുന്നത് . രവിയും മയിമുനയും അപ്പുക്കിളിയും ഒക്കെ ഇപ്പോളും ഉള്ള ഖസാഖ് . പാണ്ടവപുരവും ഇവിടെ നിന്നു അധികം അകലെ ആകാന്‍ വഴിയില്ല . കടും ചുവപ്പ് ചായക്കൂട്ടുകള്‍ കൊണ്ട് അലങ്കൃതമായ തെരുവുകളുള്ള ദേവിയുടെ പാണ്ഡവപുരം . അവിടെയ്ക്കൊക്കെ ഇനി ഒരിക്കല്‍ തീര്‍ച്ചയായും ഇനി ഒരിക്കല്‍ .ഒരു ചെറിയ ചാറ്റല്‍ മഴ പെയ്തു തുടങ്ങി .

ഏതാണ്ട് ഇരുട്ടായി .ഇനി വേട്ടക്കാര്‍ക്കുള്ള സമയം .നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിക്കായി ചര്‍ച്ചകള്‍ മാത്രം നടത്തുന്നവരുടെ സമയം . ചര്‍ച്ചകള്‍ ചെയ്തു ക്ഷീണിക്കുമ്പോള്‍ വീടകങ്ങളില്‍ മുയല്‍ വേട്ടകള്‍ തുടങ്ങാനുള്ള സമയം . വേട്ട കഴിഞ്ഞു പുതിയ ഇരകള്‍ക്കായി തന്ത്രങ്ങള്‍ ഒരുക്കാനുള്ള സമയം . പക്ഷെ ഇതെല്ലം ഒരിക്കല്‍ പ്രഭാതം ആകാശത്തിന് കടും ചുവപ്പ് നിറം കൊടുക്കുന്ന ആ ദിവസം വരെ മാത്രമേ ഉള്ളു എന്ന് ഞാന്‍ വിചാരിക്കാറുണ്ട് . എന്നിരിക്കിലും അശ്രാന്തം കര്‍മ നിരതരായി നമ്മുടെ രാജ്യത്തിന് വേണ്ടി പണി എടുക്കുകയും കാവല്‍ നില്‍ക്കുകയും ചെയുന്ന ഒരുപാട് നല്ല മനുഷ്യരും നമുക്കിടയില്‍ ഉണ്ട് , നമുക്ക് മുന്‍പേ നടന്നു വഴി തെളിച്ചു വെളിച്ചം കാണിക്കുന്നവര്‍ .ചിലപ്പോളെങ്കിലും വിശ്വാസങ്ങള്‍ നമ്മുടെ ചിന്തകള്‍ക്ക് നിറം കൊടുക്കാറുണ്ട് . ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു ഇന്ന് .നല്ല ക്ഷീണമുണ്ട്.ഞാന്‍ പതിയെ സൈട് വിന്‍ഡോ കുറച്ചു താഴ്ത്തി വച്ചു . നേരിയ തണുപ്പുള്ള കാറ്റ് എന്റെ മുഖത്തേക്ക് അടിച്ചു തുടങ്ങി. പതിയെ ഉറക്കം വന്നു തുടങ്ങുന്നു .ഏതോ ഒരു സ്വപ്നം ഫോര്‍ ലൂപ്പിന്റെ രൂപത്തില്‍ എന്നെ പിടികൂടുന്നതായി തോന്നി .പക്ഷെ ഒന്നുറങ്ങി എനീക്കുംബോളെക്കും പുതിയ ചിന്തകള്‍ , പുതിയ ആശയങ്ങള്‍ , അങ്ങനെ പുതിയ ലക്ഷ്യങ്ങളും വന്നു ചേരുന്നു . അതുകൊണ്ട് തന്നെ യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല,യാത്ര തുടരുന്നു....


====================================================================================
.

Followers